പെരുമാറ്റച്ചട്ട ലംഘനം; മന്ത്രി റിയാസിനോട് കളക്ടര്‍ വിശദീകരണം തേടി
Tuesday, April 2, 2024 1:26 PM IST
കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മന്ത്രി റിയാസിനോട് ജില്ലാ കളക്ടര്‍ വിശദീകരണം തേടി. കോഴിക്കോട്ട് നടന്ന കായിക സംവാദവേദിയിലെ പ്രസംഗം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നല്കിയ പരാതിയിലാണ് നടപടി. പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ വിശദീകരണം തേടിയത്.
കോഴിക്കോട്ട് രാജ്യാന്തര സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചു എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇതിന് തൊട്ടുപിന്നാലെ മന്ത്രിയുടെ പ്രസംഗം ചിത്രീകരിച്ചുകൊണ്ടിരുന്ന
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോഗ്രാഫറെ കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എളമരം കരീം തടഞ്ഞ് വേദിക്ക് പിന്നിലേക്ക് കൊണ്ടുപോയതും വിവാദമായിരുന്നു.
അരമണിക്കൂറിന് ശേഷമാണ് പിന്നീട് ഇദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുവന്നത്. മന്ത്രിയുടെ പ്രസംഗം അടങ്ങുന്ന വീഡിയോ ബലമായി മായിച്ചുകളയുകയായിരുന്നെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാല്‍ പഴയ പ്രഖ്യാപനം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.