പെരുമ്പാവൂരില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, ആറുപേര്‍ക്ക് പരിക്ക്
Tuesday, April 2, 2024 9:45 AM IST
കൊച്ചി: പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മലയാറ്റൂർ സ്വദേശി സദൻ (54) ആണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിൽ രാവിലെ ആറോടെയാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു.
അങ്കമാലി ഭാഗത്ത് നിന്ന് രോഗികളുമായി കോട്ടയത്തേക്ക് പോയതാണ് എതിർദിശയിൽ നിന്ന് വന്ന കാർ. ഇതിലായിരുന്നു സദൻ ഉണ്ടായിരുന്നത്. നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
പരിക്കേറ്റ അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും ഓട്ടോറിക്ഷാ ഡ്രൈവറെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.