വിവാദ പരാമർശം: ദിലീപ് ഘോഷിനും സുപ്രിയ ശ്രീനേറ്റിനും താക്കീത്
Tuesday, April 2, 2024 6:22 AM IST
ന്യൂഡൽഹി: കഴിഞ്ഞ ദിവസം വിവാദ പരാമർശങ്ങൾ നടത്തിയ ബിജെപി നേതാവ് ദിലീപ് ഘോഷിനും കോണ്ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്.
ഇരുവരുടെയും പരാമർശങ്ങൾ വ്യക്തിഹത്യയാണെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ പരസ്യപ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്നും കമ്മീഷൻ താക്കീത് നൽകി.
ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന കങ്കണ റണാവത്തിനെതിരേ കഴിഞ്ഞ ദിവസം കോണ്ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് സമൂഹ മാധ്യമത്തിൽ വിവാദ പരാമർശം നടത്തിയിരുന്നു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേയായിരുന്നു ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ പരാമർശം. രണ്ടു പേരുടെയും പ്രസ്താവനകൾ വിവാദമായി. ഇതേത്തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരുവർക്കും താക്കീത് നൽകിയത്.