മുംബൈ ഇന്ത്യന്‍സിനെ തളച്ച് സഞ്ജുവും സംഘവും
Tuesday, April 2, 2024 12:02 AM IST
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ അവരുടെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്തി രാജസ്ഥാന് റോയല്‍സ്. ജയത്തോടെ ആറു പോയിന്റുമായി രാജസ്ഥാന് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി.
സ്കോർ: മുംബൈ 125/9, രാജസ്ഥാൻ 127/4(15.3). ടോസ് നേടിയ രാജസ്ഥാന് റോയല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ സഞ്ജുവിന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലുള്ള പ്രകടനമായിരുന്നു ട്രെന്റ് ബോള്‍ട്ടും സംഘവും വാങ്കഡെയില്‍ പുറത്തെടുത്തത്.
രാജസ്ഥാന് ബൗളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ മുംബൈക്ക് 125 റൺസ് മാത്രമെ നേടാൻ കഴിഞ്ഞൊള്ളു. മുംബൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം 15.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു.
റിയാൻ പരാഗിന്റെ (54) മികച്ച ഇന്നിംഗ്സാണ് രാജസ്ഥാന് തുണയായത്. സഞ്ജു 12 റൺസ് നേടി. ഇതോടെ തുടർച്ചയായ മൂന്നാം മത്സരത്തിലും മുംബൈ പരാജയമറിഞ്ഞു. നാല് താരങ്ങള്‍ക്ക് മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കടക്കാനായത്.
34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീതമെടുത്ത ട്രെന്റ് ബോള്‍ട്ടും യുസ്വേന്ദ്ര ചാഹലും രാജസ്ഥാനായി മികച്ച പ്രകടനം പുറത്തെടുത്തു.
മുംബൈക്കായി ആകാശ് മധ്വാള് മൂന്ന് വിക്കറ്റെടുത്തു. നാല് ഓവറിൽ 22 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാൻ താരം ട്രെന്റ് ബോള്‍ട്ടിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.