"ഗാലനേജ് ഫീസ്' പ്രശ്നമാകും; മദ്യവില കൂട്ടേണ്ടി വരുമെന്ന് ബെവ്കോ
Monday, April 1, 2024 8:48 AM IST
തിരുവനന്തപുരം: ബജറ്റില്‍ വര്‍ധിപ്പിച്ച ഗാലനേജ് ഫീസ് നിമിത്തം ബെവ്കോ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് എക്സൈസ്വകുപ്പ് മന്ത്രിക്ക് അയച്ച കത്തില്‍ മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത വ്യക്തമാക്കി. ഫീസ് കുറച്ചില്ലെങ്കില്‍ മദ്യവില ഉയര്‍ത്തുക എന്നതാണ് നഷ്ടം ഒഴിവാക്കാന്‍ വഴിയെന്നും കത്ത് സൂചിപ്പിക്കുന്നു.
300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗാലനേജ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചത്. വെയര്‍ ഹൗസുകളില്‍ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോള്‍ ബെവ്കോ സര്‍ക്കാരിന് നല്‍കേണ്ട നികുതിയാണ് ഗാലനേജ് ഫീസ്.
ഒരു സാമ്പത്തിക വര്‍ഷം 1.25 കോടിരൂപയാണ് ഗാലനേജ് ഫീസായി ബെവ്കോ നല്‍കുന്നത്. നിലവില്‍ ലിറ്ററിന് അഞ്ച് പൈസയാണ് നല്‍കിയിരുന്നത്. പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ അത് 10 രൂപയായി ഉയരും. ഇതുവഴി 300 കോടിയുടെ നഷ്ടം ബെവ്കോയ്ക്ക് ഉണ്ടാകുമെന്നാണ് കണക്ക്.
മൂന്ന് സാമ്പത്തിക വര്‍ഷം നഷ്ടത്തില്‍ പോയിരുന്ന ബെവ്കോ 2022-23 സാമ്പത്തിക വര്‍ഷമാണ് ലാഭത്തിൽ എത്തിയത്. 124 കോടി രൂപയായിരുന്ന ബെവ്കോയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ലാഭം. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നതാകട്ടെ 269 കോടി രൂപയുടെ ലാഭമാണ്.