ആദായനികുതി വകുപ്പിനെതിരേയുള്ള ഹർജി ഇന്ന് പരിഗണിക്കും
Monday, April 1, 2024 5:13 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ആദായനികുതി വകുപ്പ് പണം പിടിച്ചെടുത്തതിനെതിരേ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സീതാറാം കേസരി കോണ്‍ഗ്രസ് ട്രഷററായിരുന്ന 1994-95 സാന്പത്തിക വർഷത്തിലെ ആദായ നികുതി തർക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് 2016ൽ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഈ ഹർജിക്കൊപ്പം പുതുതായി ലഭിച്ച 135 കോടി പിടിച്ചെടുത്തതിനെതിരായ ഹർജിയും പരിഗണിക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
സമീപകാലത്ത് ആദായ നികുതി വകുപ്പിൽനിന്നു കോണ്‍ഗ്രസിന് ലഭിച്ച എല്ലാ നോട്ടീസുകളും ഒരുമിച്ച് സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാൽ ഈ നീക്കം ആദായനികുതി വകുപ്പ് എതിർക്കാനാണു സാധ്യത.