പ്രത്യാശയുടെ പൊൻപ്രഭ വിതറി ഇന്ന് ഉയിർപ്പുഞായർ
Sunday, March 31, 2024 10:49 AM IST
കോട്ടയം: കാൽവരിയിലെ സഹനത്തെ മധുരീകരിച്ച് മരണത്തെ കീഴടക്കിയ യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ക്രൈസ്തവർ ഇന്ന് പ്രത്യാശയുടെ തിരുനാളായ ഉയിർപ്പുഞായർ ആഘോഷിക്കുന്നു.
അനുതാപാർദ്രമായ ഹൃദയത്തോടെ തിരുസന്നിധിയിൽ വിശ്വാസം അർപ്പിച്ച നല്ലകള്ളന് പറുദീസ വാഗ്ദാനം ചെയ്തും ഭയത്തിലും മരണഭീതിയിലും കഴിഞ്ഞവർക്ക് നിത്യതയുടെ വാഗ്ദാനം നൽകിയ പുണ്യദിനത്തിന്റ അനുസ്മരണമാണ് ക്രൈസ്തവർ ഇന്ന് ആഘോഷിക്കുന്നത്. പ്രതീക്ഷയുടെ പുതുചക്രവാളം തുറന്നുകിട്ടിയതിന്റെ ആത്മഹർഷത്തിൽ ഇന്നു ദേവാലയങ്ങളിൽ ഉയിർപ്പിന്റെ തിരുക്കർമങ്ങൾ നടന്നു.
ശനിയാഴ്ച അർധരാത്രിയോടെ എല്ലാ ദേവാലയങ്ങളിലും ഉയിർപ്പുതിരുനാൾ തിരുക്കർമങ്ങൾ ആരംഭിച്ചു. ഉയിർപ്പിന്റെ ദൃശ്യാവിഷ്കാരവും പ്രദക്ഷിണവും തുടർന്ന് ആഘോഷമായ ദിവ്യബലിയും നടന്നു.
50 ദിവസത്തെ നോന്പും ഉപവാസവും വഴി ആത്മവിശുദ്ധീകരണത്തിലേക്കു കടന്നുവന്ന ക്രൈസ്തവർ വിശ്വാസത്തിന്റെ നിറവിലാണ് തിരുക്കർമങ്ങളിൽ പങ്കുചേരുന്നത്. വിവിധ ദേവാലയങ്ങളിൽ തിരുക്കർമങ്ങൾക്ക് ശേഷം ഈസ്റ്റർ മുട്ടകളും വിതരണം ചെയ്തു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ ഉയിർപ്പ് തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദുഃഖവെള്ളിയാഴ്ചയിലെ പ്രദക്ഷിണത്തിൽ നിന്നു വിട്ടുനിന്ന മാർപ്പാപ്പ ഈസ്റ്റർ ശുശ്രൂഷകൾക്കായി വീൽ ചെയറിലാണ് മാർപ്പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിയത്. ശക്തമായ വിശ്വാസത്തിന് ജീവിതത്തിലെ ഒരു സന്തോഷത്തേയും തച്ചുടയ്ക്കാനാകില്ലെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു
കോതമംഗലം രൂപതയിലെ ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ ദൈവാലയത്തിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രാർഥനകൾക്ക് നേതൃത്വം നൽകി. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ഉയിർപ്പ് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.
വന്യജീവി ശല്യത്തെ തുടർന്ന് മാനന്തവാടി രൂപതക്ക് കീഴിലുള്ള ദേവാലയങ്ങളിൽ പാതിരാ കുർബാന നേരത്തെ നടന്നു.