പാട്ടിന്റെ ചിത്രീകരണത്തിന് പാമ്പുകളെ ഉപയോഗിച്ചു; എൽലിഷ് യാദവ് വീണ്ടും വിവാദത്തിൽ
Sunday, March 31, 2024 10:13 AM IST
ഗുരുഗ്രാം: ജാമ്യം ലഭിച്ച് ജയിൽമോചിതനായതിന് തൊട്ടുപിന്നാലെ വീണ്ടും വിവാദങ്ങളിൽപ്പെട്ട് യൂട്യൂബറും ബിഗ്ബോസ് താരവുമായ എൽവിഷ് യാദവ്.
32 ബോർ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടെ പാമ്പുകളെ അനധികൃതമായി ഉപയോഗിച്ചതിനും മോശം ഭാഷ പറഞ്ഞതിനും എൽവിഷ് യാദവിനും ഗായകൻ ഫാസിൽപുരിയ എന്ന രാഹുൽ യാദവിനുമെതിരെ പോലീസ് കേസെടുത്തു.
ഐപിസി സെക്ഷൻ 294 പ്രകാരം ഗുരുഗ്രാമിലെ ബാദ്ഷാപൂർ പോലീസ് സ്റ്റേഷനു കീഴിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. എൽവിഷ് യാദവിനും ഗായകൻ ഫാസിൽപുരിയയ്ക്കുമെതിരെ സെക്ഷൻ 156(3) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതിയിൽ നിന്ന് ഉത്തരവ് ലഭിച്ചതായി ബാദ്ഷാപൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സതീഷ് ദേശ്വാൾ പറഞ്ഞു.
ഐപിസി, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, വന്യജീവി സംരക്ഷണ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷം എൽവിഷ് യാദവിനും ഗായകൻ ഫാസിൽപുരിയയ്ക്കും നോട്ടീസ് അയക്കുമെന്നും പോലീസ് വ്യക്തമാക്കി.
1972-ലെ വന്യജീവി (സംരക്ഷണ) നിയമം അനുസരിച്ച് നിരോധിച്ചിട്ടുള്ള വിവിധ പാമ്പുകളെ എൽവിഷ് യാദവും മറ്റ് 50 പേരും ഉപയോഗിക്കുന്നതായി ഇന്റർനെറ്റിൽ വൈറലായ ഒരു വീഡിയോയിൽ കാണിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. എൽവിഷ് യാദവും കുറച്ച് വ്യക്തികളും ചേർന്ന് കൂടുതൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി വ്യക്തമാക്കുന്ന വീഡിയോ ഗുഡ്ഗാവ് മാളിൽ ചിത്രീകരിച്ചതാണെന്നും ഹർജിയിൽ പറയുന്നു.
നേരത്തെ, നോയിഡയിലെ റേവ് പാർട്ടിയിൽ പാമ്പിന്റെ വിഷം നൽകിയതിന് എൽവിഷ് യാദവ് ഉൾപ്പെടെ ആറ് പേർക്കെതിരെ നോയിഡ സെക്ടർ 49 പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് എൽവിഷ് യാദവ് അറസ്റ്റിലായിരുന്നു. എന്നാൽ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷം ഗൗതം ബുദ്ധ നഗർ ജില്ലാ കോടതി ജാമ്യം അനുവദിച്ചു.