റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് ഡൽഹിയിലെത്തി
Sunday, March 31, 2024 9:55 AM IST
ന്യൂഡൽഹി: റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് ഡേവിഡ് മുത്തപ്പൻ ഇന്ത്യയിൽ തിരിച്ചെത്തി. പൂവാർ പൊഴിയൂർ കല്ലി സ്വദേശിയാണ്.
ഡേവിഡ് ഇന്ന് രാവിലെ ഡൽഹിയിലെത്തി. ഇന്ത്യൻ എംബസി താൽക്കാലിക യാത്രാ രേഖ നൽകിയതോടെയാണ് മടക്കം സാധ്യമായത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഡേവിഡിന് പരുക്ക് പറ്റിയിരുന്നു.
വ്യാജ റിക്രൂട്ട് ഏജൻസിയുടെ ചതിയിൽ പെട്ടാണ് ഡേവിഡ് റഷ്യയിലെത്തുന്നത്. രണ്ടുദിവസം കഴിഞ്ഞ് ഡേവിഡിനെ കേരളത്തിൽ എത്തിക്കുമെന്ന് സിബിഐ അറിയിച്ചു.
സൂപ്പർ മാർക്കറ്റിൽ 1.60 ലക്ഷം രൂപ മാസ വേതനത്തിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് കഴിഞ്ഞ ഒക്ടോബർ അവസാന വാരം ഓൺലൈൻ വഴി പരിചയപ്പെട്ട ഡൽഹിയിലെ ഏജന്റ് മൂന്നരലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഡേവിഡിനെ റഷ്യയിൽ എത്തിച്ചത്.
റഷ്യൻ പൗരത്വമുള്ള മലയാളിയായ അലക്സ് ആണ് വിമാനത്താവളത്തിൽ നിന്നു ഡേവിഡിനെ പട്ടാള ക്യാംപിൽ എത്തിച്ചത്. ക്യാംപിൽ എത്തിയപ്പോൾ തന്നെ ഉദ്യോഗസ്ഥർ പാസ്പോർട്ടും യാത്രാ രേഖകളും വാങ്ങി.
പത്ത് ദിവസത്തെ പരിശീലനത്തിനു ശേഷം യുക്രെയ്ൻ അതിർത്തിയിൽ യുദ്ധ മേഖലയിൽ എത്തിച്ച് യുദ്ധത്തിൽ പങ്കെടുത്തതോടെയാണു ഡേവിഡിനു ചതി മനസിലായത്. ഡിസംബർ 25ന് രാത്രി റോണക്സ് മേഖലയിൽ രാത്രി നടത്തത്തിനു പോകുമ്പോൾ ഡ്രോണിൽ എത്തിയ ബോംബ് പൊട്ടി കാലിനു ഗുരുതര പരുക്കേറ്റു. മോസ്കോയിലെ ഒരു പള്ളി വികാരിയുടെ സംരക്ഷണയിൽ ആണ് ഡേവിഡ് കഴിഞ്ഞിരുന്നത്.