സമനില കുരുക്ക്; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സ് കാത്തിരിക്കണം
Saturday, March 30, 2024 10:38 PM IST
ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ജംഷഡ്പൂര്‍ എഫ്സിക്കെതിരായ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഇരുപത്തി മൂന്നാം മിനിറ്റിൽ ദിമിത്രിയോസ് ഡിയാമാന്റക്കോസിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി.
നാൽപ്പത്തിയഞ്ചാം മിനിറ്റില്‍ ഹാവിയര്‍ സിവേറിയോയിലൂടെ ജംഷഡ്പൂർ ഗോള്‍ മടക്കി. രണ്ടാം പകുതിയിൽ ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ബ്ലാസ്റ്റേഴ്സിന് രണ്ട് അവസരങ്ങള്‍ ലഭിച്ചിരുന്നു.
സെര്‍നിച്ചിന്റെ ഷോട്ട് പോസ്റ്റില്‍ തെട്ടിത്തെറിച്ചു. ദിമിയുടെ മറ്റൊരു ഷോട്ട് രഹനേഷ് രക്ഷപ്പെടുത്തി. മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം.
19 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 30 പോയിന്റുമായി അഞ്ചാമതാണ്. 20 മത്സരങ്ങളില്‍ 21 പോയിന്റുമായി ജംഷഡ്പൂര്‍ ഏഴാം സ്ഥാനത്താണ്.