ഉത്തരാഖണ്ഡ് ഗുരുദ്വാര കൊലപാതകം: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്
Saturday, March 30, 2024 3:57 PM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉദ്ദം സിംഗ് നഗർ ജില്ലയിലെ നാനക്മട്ട സാഹിബ് ഗുരുദ്വാരയിലെ ദേരാ കർ സേവാ തലവൻ കൊല്ലപ്പെട്ട സംഭവത്തിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്.
ബാബ ടാർസെം സിംഗ് ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേർ അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സരബ്ജിത് സിംഗ്, അമർജീത് സിംഗ്, നാനക്മറ്റ ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ തലവനായ വിരമിച്ച ഐഎഎസ് ഓഫീസർ ഹർബൻസ് സിംഗ് ചുഗ്, ബാബ അനുപ് സിംഗ്, സീനിയർ സിഖ് സംഘടനയുടെ വൈസ് പ്രസിഡന്റ് പ്രീതം സിംഗ് സന്ധു എന്നിവരാണ് കേസിലെ പ്രതികളെന്ന് പോലീസ് സൂപ്രണ്ട് (എസ്എസ്പി) മഞ്ജുനാഥ് ടി.സി. പറഞ്ഞു.
പഞ്ചാബിലെ തരൺ തരണിൽ താമസിക്കുന്നയാളാണ് സരബ്ജിത് സിംഗ്. അമർജീത് സിംഗ് ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയാണ്. ഇന്ത്യൻ ശിക്ഷാ നിയമം 302 (കൊലപാതകം), 120 ബി (ക്രിമിനൽ ഗൂഢാലോചന), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
നാനക്മട്ട സാഹിബ് ഗുരുദ്വാരയിലെ ദേരാ കർ സേവാ തലവനായ ബാബ ടാർസം സിംഗ് ഒരു കസേരയിൽ ഇരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം വെടിവച്ചത്. ഇദ്ദേഹത്തെ ഉടൻതന്നെ ഖത്തിമയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
രുദ്രപൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള നാനക്മട്ട സാഹിബ് ഗുരുദ്വാര, സംസ്ഥാനത്തെ ഉധം സിംഗ് നഗർ ജില്ലയിൽ രുദ്രപൂർ-തനക്പൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു സിഖ് ആരാധനാലയമാണ്.