പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
Friday, March 29, 2024 3:58 PM IST
പാലക്കാട്: കുഴല്‍മന്ദത്ത് വീടിനു പിന്നിൽ നിന്ന വീട്ടമ്മയ്ക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം. തത്ത എന്ന സ്ത്രീക്കാണ് പരിക്കേറ്റത്. കാലിനു ഗുരുതരമായി തത്ത തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം. വീടിന് പിന്നിൽ കരിയിലകള്‍ അടിച്ചുവാരുകയായിരുന്ന തത്തയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ച തത്തയുടെ വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു.
കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ് തത്ത.