ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നത് ആലോചനയില്‍; ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി
Thursday, March 28, 2024 9:59 AM IST
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറസ്റ്റിലായി ഇഡി കസ്റ്റഡിയിലിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നത് പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇത് സംബന്ധിച്ച നിയമോപദേശം തേടി.
ജയിലില്‍ ഇരുന്നും കേജരിവാള്‍ ഉത്തരവുകള്‍ ഇറക്കുന്നെന്ന് ചൂണ്ടിക്കാട്ടി ബിജെപി ലഫ്റ്റനന്റ് ഗവര്‍ണറെ സമീപിച്ച സാഹചര്യത്തിലാണ് നീക്കം. എന്നാല്‍ ജനപ്രാതിനിധ്യനിയമപ്രകാരം രണ്ട് സാഹചര്യങ്ങളില്‍ മാത്രമാണ് മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്.
ഏതെങ്കിലും കേസില്‍ രണ്ടോ അതില്‍ അധികം വര്‍ഷമോ ശിക്ഷിക്കപ്പെട്ട് ജനപ്രതിനിധി എന്ന നിലയില്‍ അയോഗ്യനാകുന്ന സാഹചര്യം. അല്ലെങ്കില്‍ നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകുന്ന സാഹചര്യമുണ്ടായാല്‍ മാത്രമാണ് രാഷ്ട്രപതി ഭരണം ഏര്പ്പെടുത്താനാകുക.
ഈ രണ്ട് സാഹചര്യവും ഡല്‍ഹിയില്‍ ഇല്ലാത്ത സാഹര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കം തെറ്റായ നടപടിയാണെന്ന് എഎപി നേതാക്കള്‍ പ്രതികരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അമിതാധികാര പ്രയോഗം നടത്തുകയാണെന്നാണ് വിമര്‍ശനം.ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യതലസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചാല്‍ ഇത് വന്‍ പ്രതിഷേധത്തിന് വഴിവയ്ക്കും.