രാജസ്ഥാനിൽ മുഖംമൂടി സംഘം ബാങ്ക് കൊള്ളയടിച്ചു
Thursday, March 28, 2024 1:14 AM IST
ജയ്പുർ: രാജസ്ഥാനിൽ ആയുധങ്ങളുമായി എത്തിയ മുഖംമൂടി സംഘം ബാങ്ക് കൊള്ളയടിച്ചു. ബാരൻ ജില്ലയിലെ ബദ്ഗാവ് ഗ്രാമത്തിലെ ഒരു ഗ്രാമത്തിലാണ് സംഭവം. 10.75 ലക്ഷം രൂപ നഷ്ടപ്പെട്ടു.
ആയുധങ്ങളുമായി ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച രണ്ട് പേർ ഉച്ചയ്ക്ക് 12 ഓടെ യൂക്കോ ബാങ്കിന്റെ ബദ്ഗാവ് വില്ലേജ് ബ്രാഞ്ചിൽ അതിക്രമിച്ച് കയറി 10.75 ലക്ഷം രൂപ കൊള്ളയടിച്ചതായി ബാരൻ അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) രാജേഷ് ചൗധരി പറഞ്ഞു.
ബാങ്ക് ജീവനക്കാരെ ഭയപ്പെടുത്താൻ അവർ വെടിയുതിർത്തിരുന്നു. ഉപയോഗിച്ച കാട്രിഡ്ജ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികളെ പിടികൂടാൻ പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും എഎസ്പി പറഞ്ഞു.