കിംഗ് കോഹ്ലി; ആര്‍സിബിക്ക് ആദ്യ വിജയം
Monday, March 25, 2024 11:59 PM IST
ബംഗളൂരു: ഐപിഎല്ലില്‍ പഞ്ചാവിനെതിരായ മത്സരത്തിൽ കോഹ്ലിയുടെ മികവിൽ ബംഗളൂരുവിന് നാലുവിക്കറ്റ് വിജയം. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ നാലു പന്ത് ബാക്കി നിൽക്കെയാണ് കോഹ്ലിയും സംഘവും വിജയം ആഘോഷിച്ചത്.
സ്കോർ: പഞ്ചാവ് 176/9, ബംഗളൂരു 178/6(19.2) പഞ്ചാബ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 49 പന്തില്‍ 77 റണ്‍സെടുത്ത കോഹ്ലി ആര്‍സിബിയുടെ ടോപ് സ്കോറര്‍.
അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്കും മഹിപാല്‍ ലോമറോറും കത്തിക്കയറിയതോടെ ആര്‍സിബി സീസണിലെ ആദ്യജയം തങ്ങളുടെ പേരിൽക്കുറിച്ചു. കാര്‍ത്തിക്ക് പത്ത് പന്തിൽ നേടിയ 28 റൺസും മഹിപാല്‍ ലോമ്രോര്‍ എട്ട് പന്തില്‍ നേടിയ 17 റണ്‍സും ടീമിന്റെ വിജയത്തില്‍ നിര്‍ണായക ഘടകമായി.
ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിനായി ക്യാപ്റ്റന്‍ ശിഖര്‍ ധവാൻ 45 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്തു. ആര്‍സിബിക്കായി സിറാജും മാക്സ്വെല്ലും രണ്ടും യാഷ് ദയാലും അല്‍സാരി ജോസഫും ഓരോ വിക്കറ്റും വീതവും വീഴ്ത്തി.
പഞ്ചാവിനായി റബാഡയും ഹർപ്രീത് ബ്രാറും രണ്ടും സാംകറനും ഹർഷൽ പട്ടേലും ഓരോ വിക്കറ്റും വീഴ്ത്തി. നാൽപ്പത്തിയൊന്പത് പന്തിൽ രണ്ട് സിക്സും പതിനൊന്ന് ഫോറും ഉൾപ്പടെ 77 റൺസ് നേടിയ കോഹ്ലിയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.