മന്ത്രിമാരുടെ മക്കൾക്കും ബന്ധുക്കൾക്കും സീറ്റ് നൽകുന്നത് "കുടുംബ രാഷ്ട്രീയമല്ല': സിദ്ധരാമയ്യ
Monday, March 25, 2024 4:31 AM IST
ബംഗുളൂരു: മന്ത്രിമാരുടെ മക്കൾക്കും ബന്ധുക്കൾക്കും സീറ്റ് നൽകുന്നത് കുടുംബ രാഷ്ട്രീയമല്ലെന്നും വോട്ടർമാരുടെ ശിപാർശ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
"മണ്ഡലത്തിലെ ജനങ്ങൾ ശിപാർശ ചെയ്തവർക്കാണ് ഞങ്ങൾ സീറ്റ് നൽകിയത്. ഇത് കുടുംബ രാഷ്ട്രീയമല്ല, മറിച്ച് ജനങ്ങളുടെ അഭിപ്രായത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്.'- സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാനത്ത് 20 ലോക്സഭാ സീറ്റുകളെങ്കിലും കോൺഗ്രസ് നേടും. കർണാടകയിലെ 28 സീറ്റുകളിലും വിജയിക്കുമെന്ന് പറയുന്ന ബിജെപിയെപ്പോലെ താൻ കള്ളം പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളുടെ രണ്ടാം പട്ടികയിൽ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മരുമകനും അഞ്ച് മന്ത്രിമാരുടെ മക്കളും കർണാടകയിൽ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പിഡബ്ല്യുഡി മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി ചിക്കോടിയിൽ മത്സരിക്കും. ബംഗളൂരു സൗത്തിൽ നിന്നുള്ള ബിജെപിയുടെ സിറ്റിംഗ് എംപി തേജസ്വി സൂര്യയ്ക്കെതിരെ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി മത്സരിക്കും.
ബഗൽകോട്ടിൽ നിന്നുള്ള ടെക്സ്റ്റൈൽ മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകൾ സംയുക്ത എസ്. പാട്ടീൽ, വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൾ ഹെബ്ബാൾക്കർ, വനം മന്ത്രി ഈശ്വർ ഖന്ദ്രെയുടെ മകൻ സാഗർ ഖണ്ഡ്രെ എന്നിവരും മത്സരിക്കുന്നുണ്ട്.
മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ കെ. റഹ്മാൻ ഖാന്റെ മകൻ മൻസൂർ അലി ഖാൻ ബാംഗുളൂരു സെൻട്രലിൽ നിന്നും മന്ത്രി എസ്.എസ്. മല്ലികാർജുന്റെ ഭാര്യ പ്രഭ മല്ലികാർജുൻ ദാവംഗരെയിൽ നിന്നും മത്സരിക്കുന്നുണ്ട്.
കർണാടകയിൽ അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പാർട്ടി പുറത്തുവിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.