മനുഷ്യനേക്കാള്‍ കാട്ടുമൃഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നു, കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാരല്ല: മാര്‍ റാഫേല്‍ തട്ടില്‍
Sunday, March 24, 2024 11:02 AM IST
വയനാട്: മനുഷ്യനേക്കാള്‍ കാട്ടുമൃഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് തെറ്റിദ്ധാരണ തോന്നുന്ന ചില നിലപാടുകള്‍ കണ്ടുവരുന്നുണ്ടെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മനുഷ്യന് ഇത്ര പ്രാധാന്യമില്ലാത്തവനായി പോയോ എന്ന് സങ്കടത്തോടെ ചോദിക്കാന്‍ തോന്നിപ്പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി നടവയല്‍ ഹോളി ക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ ഓശാനദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജീവിതം വഴിമുട്ടിയപ്പോള്‍ രാജാക്കന്മാരുടെയും സര്‍ക്കാരുകളുടെയുമൊക്കെ സഹായത്തോടെ നാടുവിട്ട് കയറിയവരാണ് കുടിയേറ്റക്കാര്‍. അവര്‍ കാട്ടുകള്ളന്മാരല്ല.
മണ്ണില്‍ പൊന്നുവിളയിക്കുന്നവരാണ് അവര്‍. കുടിയേറ്റക്കാര്‍ വലിയ രീതിയില്‍ വന്യമൃഗശല്യത്തിന് ഇരയാവുകയാണ്. ഇതിന് ശാശ്വതമായ പരിഹാരം വേണം.
വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ അവസ്ഥ ദയനീയമാണ്. അവരെ ഉചിതമായ രീതിയില്‍ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കണം. കാട്ടുമൃഗ ആക്രമണങ്ങളില്‍ മരിച്ചവര്‍ക്കായി വിശുദ്ധവാരത്തില്‍ സഭ പ്രാര്ഥിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.