വനത്തിൽ ആദിവാസിക്കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Saturday, March 23, 2024 7:25 PM IST
തൃശൂർ: വെള്ളികുളങ്ങര ശാസ്താംപൂവം കോളനിയിൽ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം വനത്തിൽ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കുട്ടികളുടെ മരണത്തെക്കുറിച്ച് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസാണ് പരാതി നൽകിയിട്ടുള്ളത്. വന്യജീവി ആക്രമണമാണോ മരണകാരണമെന്ന് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മാർച്ച് രണ്ടിനാണ് ശാസ്താംപൂവം കോളനിയിൽ നിന്ന് സജിക്കുട്ടൻ (15) നെയും അരുൺ (എട്ട്) നെയും കാണാതായത്. പിന്നീട് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിനൊടുവിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തേൻ ശേഖരിക്കുന്നതിനിടെ മരത്തിൽനിന്ന് വീണതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹങ്ങളിൽനിന്ന് വന്യജീവി ആക്രമിച്ചതിന്റെ പാടുകളോ മറ്റോ കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.