അസാധാരണ നീക്കവുമായി സംസ്ഥാനം; രാഷ്ട്രപതിക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയിൽ
Saturday, March 23, 2024 1:23 PM IST
ന്യൂഡല്‍ഹി: രാഷ്ട്രപതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് കേരള സര്‍ക്കാര്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെയാണ് ഹര്‍ജി.
ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച മൂന്ന് ബില്ലുകളില്‍ തീരുമാനം എടുക്കുന്നില്ലെന്ന് കാട്ടിയാണ് സംസ്ഥാനം റിട്ട് ഹര്‍ജി നല്‍കിയത്. സംസ്ഥാന ചീഫ് സെക്രട്ടറിയും ടി.പി.രാമകൃഷ്ണന് എംഎല്‍എയുമാണ് കേസിലെ ഹര്‍ജിക്കാര്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.
നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രപതിക്ക് അയച്ചത്. ഇതില്‍ ലോകായുക്ത ബില്ലിന് മാത്രമാണ് അംഗീകാരം ലഭിച്ചത്. മറ്റ് മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തിരിച്ചയച്ചിരുന്നു.
എന്നാല്‍ ശേഷിക്കുന്ന മൂന്ന് ബില്ലുകളില്‍ രാഷ്ട്രപതി തീരുമാനം എടുത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കോടതിയെ സമീപിച്ചത്.