ഫണ്ട് മരവിപ്പിക്കൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് എം.എം. ഹസൻ
Saturday, March 23, 2024 3:23 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഫണ്ട് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് ബിജിപിക്ക് അനുകൂലമായി അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ. ഇതിനെതിരേ കേരളത്തിലും രാജ്യവ്യാപകമായും പ്രതിഷേധം അലയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി നേതാക്കൾക്ക് യാത്ര ചെയ്യാനോ പ്രചാരണം നടത്താനോ പണമില്ലാത്ത അവസ്ഥയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇത് ആദ്യത്തെ സംഭവമാണ്. കോണ്‍ഗ്രസിന്റെ 115 കോടി രൂപയാണ് ആദായനികുതിയായി ബലമായി പിടിച്ചെടുത്തത്.
ബാക്കി പണം മരവിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയകക്ഷികളുടെ വരുമാനത്തിന് ആദായനികുതി ബാധകമല്ലാത്തപ്പോഴാണ് ഇത്തരമൊരു നടപടി ഉണ്ടായത്.
തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഡൽഹി മുഖ്യമന്ത്രി കേജരിവാളിനെ രാത്രിയിൽ വീട്ടിൽനിന്ന് ഇഡി അറസ്റ്റ് ചെയ്തത് മറ്റൊരു ഏകാധിപത്യനടപടിയാണ്. ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെയും ഈ രീതിയിൽ അറസ്റ്റ് ചെയ്തിരുന്നു.
400 സീറ്റ് നേടി വൻവിജയം കൊയ്യുമെന്നു അവകാശപ്പെടുന്ന ബിജെപി എത്രമാത്രം അരക്ഷിതമാണെന്നാണ് അവരുടെ നടപടികൾ വ്യക്തമാക്കുന്നതെന്നും ഹസൻ ചൂണ്ടിക്കാട്ടി.