മോദി ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നു; കെജരിവാളിന് ഐക്യദാര്‍ഢ്യമെന്ന് കെ.സുധാകരന്
Friday, March 22, 2024 6:07 PM IST
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അന്യായമായി അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്.
തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് ഇത്തരത്തിലുള്ള പ്രതികാര രാഷ്ട്രീയത്തിലേക്ക് നരേന്ദ്ര മോദിയെ നയിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വാധീനിച്ച് ജനാധിപത്യ അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഭരണത്തിന്റെ തണലിൽ ബിജെപി സർക്കാർ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ മറച്ചുപിടിക്കാനാണ് പ്രതിപക്ഷ നിരയിലെ നേതാക്കളെ അറസ്റ്റ് ചെയ്ത് വാർത്തകൾ സൃഷ്ടിക്കുന്നത്. കേന്ദ്ര ഏജൻസികൾ ബിജെപിയെ സുഖിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എതിര് ശബ്ദങ്ങളെ കള്ളക്കേസുകളില്‍ കുടുക്കി ഇല്ലാതാക്കാം എന്നത് ഏകാധിപതികളുടെ സ്വപ്നമാണ്. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും കേരളത്തില്‍ പിണറായി വിജയനും പ്രതിപക്ഷ നേതാക്കളെ യാതൊരു അടിസ്ഥാനവുമില്ലാത്ത കേസുകളില്‍ പ്രതി ചേര്‍ത്ത് വേട്ടയാടുകയാണ്.
മോദിയോട് ഇഷ്ടം കാണിക്കുന്ന മുഖ്യമന്ത്രിമാരെ എത്ര അഴിമതി കേസുകൾ ഉണ്ടെങ്കിലും സംരക്ഷിക്കുകയും എതിര്‍ക്കുന്നവരെ മാത്രം അകാരണമായി തുറുങ്കിലടക്കുകയും ചെയ്യുന്ന അധാര്‍മിക രാഷ്ട്രീയമാണ് ബിജെപി നടപ്പിലാക്കുന്നതെന്നും കെ.സുധാകറൻ ആരോപിച്ചു.