എസ്ഡിപിഐയുടെ ഇഫ്താര്‍ വിരുന്നില്‍ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാര്‍ഥികൾ; ലക്ഷ്യം വോട്ട് കച്ചവടമെന്നു ബിജെപി
Friday, March 22, 2024 5:59 PM IST
കോഴിക്കോട്: എസ്ഡിപിഐയുടെ ഇഫ്താര്‍ വിരുന്നില്‍ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാര്‍ഥികൾ പങ്കെടുത്തതിനെതിരേ വിമർശനവുമായി ബിജെപി നേതാക്കള്‍. കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനും ഇടതു സ്ഥാനാര്‍ഥി എളമരം കരീമും എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു.
തീവ്രവാദ പ്രസ്ഥാനങ്ങളുമായി വോട്ടു കച്ചവടമാണ് ഇവരുടെ ലക്ഷ്യമെന്നാണ് ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രി വിളിച്ച ക്രിസ്തുമസ് വിരുന്നിൽ ക്രൈസ്തവ പുരോഹിതർ പങ്കെടുത്തപ്പോൾ ഹാലിളകിയവരാണ് സിപിഎമ്മുകാർ.
അവരുടെ സ്ഥാനാര്‍ഥിയും ബുദ്ധിജീവിയുമാണ് ഇപ്പോൾ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ആരോപിച്ചു.
അഭിമന്യുവിന്റെ കേസിലെ പ്രധാനപ്പെട്ട രേഖകളൊക്കെ എവിടെപ്പോയെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.