സ്വാമി പ്രസാദ് മൗര്യയ്ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
Sunday, March 17, 2024 4:13 AM IST
ലക്നോ: ലക്ഷ്മി ദേവിക്കെതിരെ വിവാദ പരാമർശം നടത്തിയ സമാജ്വാദി പാർട്ടി മുൻ നേതാവ് സ്വാമി പ്രസാദ് മൗര്യയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി.
ഉത്തർപ്രദേശിലെ എംപി-എംഎൽഎ കോടതിയാണ് സ്വാമി പ്രസാദ് മൗര്യയ്ക്കെതിരെ കേസെടുക്കാൻ വസീർഗഞ്ച് പോലീസിനോട് ആവശ്യപ്പെട്ടത്. സമാജ്വാദി പാർട്ടി മുൻ ജനറൽ സെക്രട്ടറിയാണ് സ്വാമി പ്രസാദ് മൗര്യ.
ഇയാൾക്കെതിരെയുള്ള അന്വേഷണത്തിന് സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അംബ്രീഷ് കുമാർ ശ്രീവാസ്തവയാണ് ഉത്തരവിട്ടത്. കഴിഞ്ഞ വർഷം നവംബർ 15 ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച സ്വാമി പ്രസാദിന്റെ വിവാദ പ്രസ്താവനയെ കുറിച്ച് രാഗിണി രസ്തോഗി എന്ന യുവതിയാണ് പരാതി നൽകിയത്.
സ്വാമി പ്രസാദിന്റെ പ്രസ്താവന കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് പരാതിക്കാരി ആരോപിച്ചു. സമൂഹമാധ്യമമായ എക്സിലും ഇയാൾ വിവാദ പരാമർശം നടത്തിയെന്ന് പരാതിക്കാരി കുറ്റപ്പെടുത്തി.