നടിയുടെ പണം തട്ടിയ കേസ്; കൂടുതൽ അറസ്റ്റിന് സാധ്യത
Friday, March 15, 2024 8:37 PM IST
കൊച്ചി: 130 കോടി രൂപയുടെ ലോണ്‍ വാഗ്ദാനം ചെയ്തു നടിയുടെ കൈയില്‍ നിന്നു 37 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യത. കഴിഞ്ഞ ദിവസം അറസ്റ്റിലായ കോല്‍ക്കത്ത സ്വദേശി യാസിര്‍ ഇക്ബാലിന്റെ കൂട്ടാളികളായ മൂന്നു പേരെ കണ്ടെത്തുന്നതിനായി പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യവസായ ആവശ്യത്തിനായി ലോണ്‍ തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പുസംഘം നടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് നടി 130 കോടി രൂപ ലോണ്‍ ലഭിക്കുന്നതിനായി തട്ടിപ്പ് സംഘത്തിന് 37 ലക്ഷം രൂപ കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ വച്ച് കൈമാറി.
പണം നല്‍കിയിട്ടും ലോണ്‍ ലഭ്യമാകാത്തതിനെത്തുടര്‍ന്നാണ് നടി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും പ്രത്യേക അന്വേഷണ സംഘം കോല്‍ക്കത്തയിലേക്ക് പോകുകയുമായിരുന്നു.
കോല്‍ക്കത്തയിലെ ടാഗ്രാ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഫ്ലാറ്റില്‍ നിന്നാണ് ഇയാളെ അതിസാഹസികമായി പിടികൂടിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വരും ദിവസം ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.
തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മറ്റാരെയെങ്കിലും ഇവര്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ആല്‍ബി എസ്. പുത്തൂക്കാട്ടില്‍, അജിനാഥപിള്ള, സീനിയര്‍ സിപിഒമാരായ അനീഷ്, പ്രശാന്ത്, ജിതിന് ബാലകൃഷ്ണന് എന്നിവരാണ് കോല്‍ക്കത്തയില്‍ നിന്ന് പ്രതിയെ പിടികൂടിയത്.