യുക്രെയ്ന് 300 മില്യൺ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക
Wednesday, March 13, 2024 6:29 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ന് 300 മില്യൺ ഡോളറിന്റെ അടിയന്തര സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. റഷ്യയിൽ നിന്നും വർധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് പോളണ്ടിന്റെ നേതാക്കൾ വൈറ്റ് ഹൗസിലെത്തി അറിയിച്ചതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച അടിയന്തര സഹായം പ്രഖ്യാപിച്ചത്.
യുക്രെയ്ന്റെ കൈവശമുള്ള മിസൈലുകളും ഷെല്ലുകളും മറ്റും രണ്ടാഴ്ചയ്ക്കുള്ളിൽ തീർന്നുപോകുമെന്നും അങ്ങനെ സംഭവിച്ചാൽ യുക്രെയ്ൻ പരാജയപ്പെടുമെന്നും ബൈഡൻ പറഞ്ഞു.
പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ദുഡയും പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിനും ബൈഡനുമായി വൈറ്റ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. "റഷ്യ യുക്രെയ്നിൽ നിൽക്കില്ല. യൂറോപ്പിനെയും അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും അപകടത്തിലാക്കിക്കൊണ്ട് പുടിൻ മുന്നോട്ട് പോകും’. ബൈഡൻ പറഞ്ഞു.
അതേസമയം, 2022 ഫെബ്രുവരിയിലെ റഷ്യയുടെ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നാണ് യുക്രെയ്ന്റെ പോരാട്ടമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.