തോൽവിയുടെ വക്കിൽനിന്ന് ജയം അടിച്ചെടുത്ത് കാരി- മാര്‍ഷ് സഖ്യം; ഓസീസിന് പരമ്പര
Monday, March 11, 2024 12:54 PM IST
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ആവേശകരമായ ജയം. തോൽവിയുടെ വക്കിൽ നിന്നാണ് ഓസീസ് മൂന്നുവിക്കറ്റ് ജയം സ്വന്തമാക്കിയത്. ഇതോടെ രണ്ടുമത്സരങ്ങളുടെ പരമ്പര ഓസ്ട്രേലിയ തൂത്തുവാരി.
മിച്ചല്‍ മാര്‍ഷ് (80), അലക്സ് കാരി (പുറത്താവാതെ 98) എന്നിവരുടെ പോരാട്ടമാണ് ഓസ്ട്രേലിയയ്ക്ക് മിന്നുംജയം സമ്മാനിച്ചത്. സ്കോർ- ന്യൂസിലന്‍ഡ്: 162, 372, ഓസ്ട്രേലിയ: 256, ഏഴിന് 281.
നാലിന് 77 എന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് മൂന്ന് റൺസ് കൂടി ചേർക്കുന്നതിനിടെ ട്രാവിസ് ഹെഡിനെ (18) നഷ്ടമായി. ഇതോടെ അഞ്ചിന് 80 എന്ന നിലയിലായി ഓസീസ്. കിവീസ് ജയം മനസിൽ കണ്ടപ്പോഴാണ് അലക്സ് കാരി- മിച്ചൽ മാർഷ് സഖ്യം ക്രീസിൽ ഒന്നിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇരുവരും 140 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
എന്നാല്‍ സ്കോർ 220 റൺസിൽ നില്‍ക്കെ മിച്ചല്‍ മാര്‍ഷിനേയും മിച്ചല്‍ സ്റ്റാര്‍ക്കിനേയും (പൂജ്യം) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ബെൻ സിയേഴ്സ് കിവീസിനെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. 102 പന്തിൽ ഒരു സിക്സും 10 ഫോറുമുൾപ്പെടെയാണ് മാർഷ് 80 റൺസെടുത്തത്.
മൂന്നു വിക്കറ്റ് ശേഷിക്കേ ഓസീസിന് ജയത്തിലേക്ക് വേണ്ടിയിരുന്നത് 59 റൺസായിരുന്നു. എന്നാൽ അലക്സ് കാരിയും പാറ്റ് കമ്മിൻസും ചേർന്ന് പടുത്തുയർത്തിയ 61 റൺസ് കൂട്ടുകെട്ട് ഓസീസിനെ അതിവേഗം വിജയത്തിലേക്ക് നയിച്ചു.
44 പന്തില്‍ 32 റൺസെടുത്ത കമ്മിൻസ് ബെൻ സിയേഴ്സിനെ ബൗണ്ടറിയിലേക്ക് പായിച്ചാണ് വിജയം ആഘോഷിച്ചത്. 123 പന്തിൽ 15 ബൗണ്ടറികൾ ഉൾപ്പെടെ 98 റൺസുമായി അലക്സ് കാരി പുറത്താകാതെ നിന്നു. കിവീസിന് വേണ്ടി ബെന്‍ സിയേഴ്സ് നാല് വിക്കറ്റ് വീഴ്ത്തി.
നിര്‍ണായക പ്രകടനം പുറത്തെടുത്ത കാരി തന്നെയാണ് മത്സരത്തിലെ താരം. അതേസമയം, രണ്ടു മത്സരങ്ങളിലുമായി 101 റൺസും 17 വിക്കറ്റും സ്വന്തമാക്കിയ മാറ്റ് ഹെന്റി പരമ്പരയുടെ താരമായി.