ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. കിവീസ് ഉയർത്തിയ 279 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഓസീസ് മൂന്നാംദിനം അവസാനിക്കുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലാണ്. ആറ് വിക്കറ്റുകള്‍ ശേഷിക്കേ ഓസീസിനു ജയത്തിനു വേണ്ടത് 202 റണ്‍സാണ്. കിവീസിനു വേണ്ടത് ആറുവിക്കറ്റും. സ്കോർ- ന്യൂസിലൻഡ്: 162, 372, ഓസ്ട്രേലിയ: 256, നാലിന് 77.

നേരത്തെ മൂന്നിന് 221 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് തുടര്‍ന്ന ന്യൂസിലന്‍ഡിന്‍റെ രണ്ടാം ഇന്നിംഗ്സ് 372 റണ്‍സില്‍ അവസാനിച്ചിരുന്നു. ടോം ലാഥം (73), രചിന്‍ രവീന്ദ്ര (82), കെയ്ന്‍ വില്യംസന്‍ (51), ഡാരില്‍ മിച്ചല്‍ (58) എന്നിവരുടെ അർ‌ധസെഞ്ചുറികളും സ്കോട്ട് കുഗ്ഗെലെയ്നിന്‍റെ (44) വെടിക്കെട്ടുമാണ് മികച്ച സ്കോർ സമ്മാനിച്ചത്.

ഓസ്ട്രേലിയയ്ക്കു വേണ്ടി പാറ്റ് കമ്മിൻസ് 62 റൺസ് വഴങ്ങി നാലുവിക്കറ്റും നഥാൻ ലയൺ 49 റൺസ് വഴങ്ങി മൂന്നുവിക്കറ്റും വീഴ്ത്തി.

279 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഓസീസിന് തുടക്കംതന്നെ തകർച്ചയായിരുന്നു. സ്കോർ 15 റൺസിൽ നില്ക്കെ സ്റ്റീവ് സ്മിത്തിനെ (ഒമ്പത്) മാറ്റ് ഹെൻ‌റി വിക്കറ്റിനു മുന്നിൽ കുടുക്കി. ഏഴു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മാർനസ് ലബുഷെയ്നെ (ആറ്) ബെൻ സിയേഴ്സ് സ്വന്തം പന്തിൽ പിടിച്ചുപുറത്താക്കി.

പിന്നാലെ 11 റൺസെടുത്ത ഉസ്മാൻ ഖവാജയെ മാറ്റ് ഹെന്‍‌റിയും അഞ്ചു റൺസെടുത്ത കാമറൂൺ ഗ്രീനിനെ സിയേഴ്സും പുറത്താക്കിയതോടെ നാലിന് 77 റൺസെന്ന നിലയിൽ ഓസീസ് വീണു. 27 റണ്‍സുമായി മിച്ചല്‍ മാര്‍ഷും 17 റണ്‍സോടെ ട്രാവിസ് ഹെഡുമാണ് ക്രീസില്‍.

രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓസ്ട്രേലിയ ജയിച്ചതിനാല്‍ പരമ്പരയില്‍ ഒപ്പമെത്താന്‍ ന്യൂസിലന്‍ഡിന് ജയം അനിവാര്യമാണ്.