രണ്ടുസംഘങ്ങൾ തമ്മിലുള്ള വഴക്കിനിടെ പോലീസുദ്യോഗസ്ഥൻ കുത്തേറ്റ് കൊല്ലപ്പെട്ടു
Sunday, March 10, 2024 4:51 AM IST
ജയ്പുർ: രാജസ്ഥാനിൽ രണ്ട് സംഘങ്ങൾ തമ്മിലുള്ള വഴക്കിനിടെ പോലീസുദ്യോഗസ്ഥൻ കുത്തേറ്റു കൊല്ലപ്പെട്ടു. സിരോഹി ജില്ലയിലെ ശിവരാത്രി മേളയ്ക്കിടെയാണ് സംഭവം.
സ്വരൂപ്ഗഞ്ച് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ നിരഞ്ജൻ സിംഗ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ലൗട്ടാന ഗ്രാമത്തിൽ സംഘടിപ്പിച്ച മേളയ്ക്കിടെയാണ് സംഭവം.
സംഭവത്തിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ ദുഃഖം രേഖപ്പെടുത്തി. മരിച്ചയാളുടെ ആശ്രിതർക്ക് സർക്കാർ ജോലി ഉൾപ്പെടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചു.
കോൺസ്റ്റബിളിന്റെ കുടുംബത്തിന് 1.35 കോടി രൂപയും മറ്റ് വകുപ്പുതല ആനുകൂല്യങ്ങളും നൽകും. നിരഞ്ജൻ സിംഗിനെ കുത്തിയ പ്രതികൾ ഒളിവിലാണ്. ഇവരെ ഉടൻതന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.