എടപ്പാളില്‍ ജനിച്ച ദേവ്ദത്ത് പടിക്കല്‍; അമ്പിളി പടിക്കലിന്റെ സ്വന്തം ദേവ്...
അനീഷ് ആലക്കോട്
Friday, March 8, 2024 11:18 PM IST
കോട്ടയം: ഇന്ത്യയുടെ 314-ാം നമ്പര്‍ ടെസ്റ്റ് ക്രിക്കറ്ററായി അരങ്ങേറ്റം നടത്തിയ ദേവ്ദത്ത് പടിക്കലിന്റെ വേരുകള്‍ ഇങ്ങ് മലപ്പുറം എടപ്പാളിലാണ്. അങ്ങനെ നോക്കുമ്പോള്‍ ടിനു യോഹന്നാനും എസ്. ശ്രീശാന്തിനും ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ എത്തുന്ന മൂന്നാമത് മലയാളിയാണ് ദേവ്ദത്ത് പടിക്കല്‍.
എടപ്പാള്‍ സ്വദേശികളായ അമ്പിളി പടിക്കലിന്റെയും ബാബു കുന്നത്തിന്റെയും മക്കളില്‍ രണ്ടാമന്. കേരളത്തിനായി കളിച്ചിട്ടില്ലെങ്കിലും എടപ്പാളില്‍ ജനിച്ചവന്... സഞ്ജു സാംസണ്, പകുതി മലയാളിയായ റോബിന് ഉത്തപ്പ എന്നിവരും പരിമിത ഓവര്‍ ക്രിക്കറ്റില്‍ ദേശീയ ടീമില്‍ കേരള പ്രതിനിധികളായിട്ടുണ്ടെന്നതും ചരിത്രം.
ഇംഗ്ലണ്ടിന് എതിരായ ഇന്ത്യയുടെ അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന പോരാട്ടത്തിലാണ് ഇരുപത്തിമൂന്നുകാരനായ ദേവ്ദത്ത് പടിക്കല്‍ അരങ്ങേറിയത്. 2024 രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 500 റണ്‍സില്‍ കൂടുതല്‍ നേടിയതില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയുള്ള ബാറ്ററാണ് ദേവ്ദത്ത്.
നാല് മത്സരത്തിലെ ആറ് ഇന്നിംഗ്സില്‍നിന്ന് 556 റണ്‍സ് ഈ രഞ്ജി സീസണില്‍ ദേവ്ദത്ത് അടിച്ചുകൂട്ടി. 92.66 ആണ് ശരാശരി. മൂന്ന് സെഞ്ചുറിയുള്പ്പെടെയാണ് കര്‍ണാടകയ്ക്കുവേണ്ടി ദേവ്ദത്തിന്റെ ഈ മിന്നും പ്രകടനം. അര്‍ഹിച്ച അവസരമാണ് ദേശീയ ടീമില്‍ ദേവ്ദത്തിന് ലഭിച്ചതെന്നു ചുരുക്കം.
രാജ്യാന്തര അരങ്ങേറ്റ ഇന്നിംഗ്സില്‍ 103 പന്തില്‍ 65 റണ്‍സ് നേടി ലഭിച്ച അവസരം യുവതാരം മുതലാക്കുകയും ചെയ്തു. 10 ഫോറും ഒരു സിംഗ്സും ദേവ്ദത്തിന്റെ അരങ്ങേറ്റ ഇന്നിംഗ്സിന് ചാരുതയേകി.
എടപ്പാള്‍, ഹൈദരാബാദ് വഴി ബംഗളൂരു
എടപ്പാളില്‍ ജനിച്ച്, ഹൈദരാബാദില്‍ വളര്‍ന്ന് കൗമാരത്തിന്റെ തുടക്കത്തില്‍ ബംഗളൂരുവില്‍ എത്തിയതാണ് ദേവ്ദത്ത്, അതും ക്രിക്കറ്റ് എന്ന ഒരൊറ്റ ലക്ഷ്യത്തിനായി മാത്രം. ഹൈദരാബാദില്‍ ജോലി ചെയ്യുകയായിരുന്ന അമ്പിളി പടിക്കലും ബാബു കുന്നത്തും തങ്ങളുടെ രണ്ടാമത്തെ കുട്ടിയെ ക്രിക്കറ്റ് കളിക്കാരനാക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു.
അത് അനുസരിച്ച് ഹൈദരാബാദില്‍ ക്രിക്കറ്റ് പരിശീലനം നല്കി. എന്നാല്‍, ദേവ്ദത്തിന് 11 വയസ് ആയിട്ടും അമ്പിളിയുടെയും ബാബുവിന്റെയും പദ്ധതിയനുസരിച്ചുള്ള ശ്രദ്ധ ക്രിക്കറ്റില്‍ ദേവ്ദത്തിന് ലഭിച്ചില്ല. അതോടെ അവര്‍ ഒരു കാര്യം തീരുമാനിച്ചു, കുടുംബമായി ബംഗളൂരുവിലേക്ക് മാറുക. ദേവിന്റെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് ആ നീക്കമാണ് ഗുണം ചെയ്തത്.
ബംഗളൂരുവില്‍ എത്തിയ അമ്പിളിയും ബാബുവും മകനെ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റ് (കെഐഒസി) അക്കാദമിയില്‍ ചേര്‍ത്തു. മുഹമ്മദ് നസിറുദ്ദീനായിരുന്നു ഗുരു.
ബൗള്‍ ചെയ്ത് കണ്ണീരണിഞ്ഞ ദേവ്
കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിലേക്ക് പറിച്ച് നടപ്പെട്ട ദേവ്ദത്തിന്റെ തുടക്കം സുഖകരമല്ലായിരുന്നു. ആദ്യ എട്ട് ദിവസം പന്ത് എറിയാന്‍ മാത്രമാണ് കുഞ്ഞുദേവിന് അവസരം ലഭിച്ചത്. അതോടെ കണ്ണീരുമായി ദേവ് വീട്ടിലെത്തി.
അങ്ങനെ അച്ഛനെയും കൂട്ടി ദേവ്ദത്ത് പിറ്റേദിവസം അക്കാദമിയില്‍. മകന്റെ ബാറ്റിംഗ് ഒന്ന് നോക്കാമോ എന്ന ബാബുവിന്റെ അഭ്യര്‍ഥന കോച്ച് മുഹമ്മദ് നസിറുദ്ദീന്‍ ചെവിക്കൊണ്ടു. ദേവിലെ ബാറ്റിംഗ് കഴിവ് അന്ന് നസിറുദ്ദീന്‍ തിരിച്ചറിഞ്ഞു.
അതോടെ 12-ാം വയസില്‍ അണ്ടര്‍ 14 വിഭാഗത്തിലേക്ക് ദേവ്ദത്തിന് ക്ഷണമെത്തി. അവിടെയും ബൗളര്‍മാരെ ദേവ് യഥേഷ്ടം നേരിട്ടതോടെ അണ്ടര്‍ 16 വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം.
ദിവസം മുഴുവന്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടം
ദേവ്ദത്തിന്റെ ഏറ്റവും വലിയ ഇഷ്ടം ദിവസം മുഴുവന്‍ ബാറ്റ് ചെയ്യുക എന്നതാണെന്ന് കോച്ച് മുഹമ്മദ് നസിറുദ്ദീന്‍ സക്ഷ്യപ്പെടുത്തുന്നു. മാതാപിതാക്കള്‍ ദേവ്ദത്തിനെ തന്റെ കൈകളില്‍ ഏല്‍പ്പിക്കുകയായിരുന്നു എന്നും നസിറുദ്ദീന്‍ ഓര്‍മിച്ചു.
കോവിഡ് പിടിപെട്ടപ്പോള്പോലും ബാറ്റ് ചെയ്യുക എന്നതായിരുന്നു ദേവിന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും കോച്ച് വെളിപ്പെടുത്തി. ഈ സീസണ് ഫസ്റ്റ് ക്ലാസില്‍ 83 ശരാശരിയില്‍ 747 റണ്‍സാണ് കര്‍ണാടകയ്ക്കുവേണ്ടി ദേവ്ദത്ത് അടിച്ചെടുത്തത്.
രഞ്ജി ട്രോഫിയില്‍ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ തമിഴ്നാടിനെതിരേ നേടിയ 193 റണ്‍സ് ആണ് സീസണിലെ ഉയര്‍ന്ന സ്കോര്‍. ആ മത്സരം കാണാന്‍ ബിസിസിഐ സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കര്‍ ഉണ്ടായിരുന്നു. അതാണ് ദേശീയ ടീമിലേക്കുള്ള വാതില്‍ പടിക്കലിനു മുന്നില്‍ തുറക്കാന്‍ സുപ്രധാന കാരണം.
കരിയര്‍ ഇതുവരെ
2020 ആഭ്യന്തര വൈറ്റ്ബോള്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററായതോടെയാണ് ദേവ്ദത്ത് പടിക്കല്‍ ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ന്നത്. ആറടി മൂന്നിഞ്ച് ഉയരമുള്ള ഈ ഇടംകൈ ബാറ്ററിന്റെ വെടിക്കെട്ട് ആ സീസണ് ഐപിഎല്ലിലും കണ്ടു.
473 റണ്‍സ് നേടിയ ദേവ്ദത്ത് ഐപിഎല്‍ എമേര്‍ജിംഗ് പ്ലെയര്‍ പുരസ്കാരം സ്വന്തമാക്കി. 2020-21 വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായി നാല് സെഞ്ചുറി നേടി ചരിത്രം കുറിച്ചു. ലിസ്റ്റ് എയില്‍ തുടര്‍ച്ചയായി നാല് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍ എന്ന റിക്കാര്‍ഡാണ് ദേവ്ദത്ത് സ്വന്തമാക്കിയത്.
ഇന്ത്യക്കായി രണ്ട് ട്വന്റി-20 കളിച്ച ദേവ്ദത്ത് 38 റണ്‍സ് നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസില്‍ 31 മത്സരങ്ങളിലെ 53 ഇന്നിംഗ്സില്‍നിന്ന് 2227 റണ്‍സ് നേടി. ആറ് സെഞ്ചുറിയും 12 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. ലിസ്റ്റ് എയില്‍ എട്ട് സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 1875 റണ്‍സുണ്ട്. ട്വന്റി-20യില്‍ മൂന്ന് സെഞ്ചുറിയും 17 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 2768 റണ്‍സും ദേവ്ദത്ത് ഇതുവരെ സ്വന്തമാക്കി.