അധികവായ്പയ്ക്ക് അനുമതിയില്ല; കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയം
Friday, March 8, 2024 2:46 PM IST
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും തമ്മിൽ നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ച പരാജയം. കടമെടുപ്പ് പരിധി ഉയർത്തില്ലെന്ന് കേന്ദ്രം നിലപാടെടുത്തു.
19,370 കോടി രൂപ കൂടി കടമെടുക്കുന്നതിന് സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രം അംഗീകരിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു അറിയിച്ചു.
രാവിലെ 11-ന് ഡല്‍ഹിയില്‍ ധനമന്ത്രാലയത്തിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാം, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍ എന്നിവരടക്കമുള്ളവർ പങ്കെടുത്തു.
സുപ്രീംകോടതി നിര്‍ദേശിച്ചപ്രകാരമാണ് കേന്ദ്രവും സംസ്ഥാനവും ചര്‍ച്ചയ്ക്കു തയാറായത്. നിബന്ധനകളില്ലാതെ 13,608 കോടി കടമെടുക്കാൻ കേരളത്തിന് അനുമതി നൽകാൻ കേന്ദ്രത്തിന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
15,000 കോടി രൂപകൂടി കടമെടുക്കാൻ അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടപ്പോൾ കേരളവും കേന്ദ്രവും ഇന്നോ നാളയോ ചർച്ച നടത്തി വിഷയത്തിൽ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
തിങ്കളാഴ്ച കേസ് സൂപ്രീം കോടതി പരിഗണിക്കും. കേരളത്തിനായി കപില്‍ സിബല്‍ ഹാജരാകും. ചര്‍ച്ചയിലെ തീരുമാനം സംസ്ഥാനം കോടതിയെ അറിയിക്കും.