കൊടുങ്കാറ്റായി ഹേസില്‍വുഡ്; ന്യൂസിലന്‍ഡ് 162ന് പുറത്ത്
Friday, March 8, 2024 9:57 AM IST
ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്സില്‍ 45.2 ഓവറില്‍ വെറും 162 റണ്‍സിനു പുറത്തായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസില്‍വുഡാണ് കിവീസ് ബാറ്റിംഗ് നിരയെ തകർത്തത്.
38 റണ്‍സെടുത്ത ഓപ്പണര്‍ ടോം ലാഥമാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍. അതേസമയം കരിയറിലെ നൂറാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 17 റൺസെടുക്കാനേ കെയ്ൻ വില്യംസണ് കഴിഞ്ഞുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് സ്കോര്‍ബോര്‍ഡില്‍ 47 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ വില്‍ യംഗിനെ (14) നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തിൽ മാർഷിന് പിടികൊടുത്താണ് യംഗ് മടങ്ങിയത്.
പിന്നാലെ സ്കോർ 67 റൺസിൽ നില്‍ക്കേ സഹ ഓപ്പണര്‍ ടോം ലാഥമിനെ (38) അലക്സ് കാരിയുടെ കൈയിലെത്തിച്ച് ഹേസിൽവുഡ് തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ രചിന് രവീന്ദ്ര (നാല്), ഡാരില്‍ മിച്ചല്‍ (നാല്), കെയ്ന്‍ വില്യംസണ് (17) എന്നിവരെ ഹേസിൽവുഡ് ഇരകളാക്കിയതോടെ അഞ്ചിന് 84 എന്ന നിലയിലേക്ക് കിവീസ് തകർന്നു.
അവിടംകൊണ്ടും കാര്യങ്ങൾ തീർന്നില്ല. പിന്നീട് മിച്ചൽ സ്റ്റാർക്കിന്റെ ഊഴമായിരുന്നു. സ്കോർ 107 റൺസിൽ നില്‍ക്കേ അടുത്തടുത്ത പന്തുകളില്‍ ഗ്ലെന്‍ ഫിലിപ്സിനെയും (രണ്ട്), സ്കോട്ട് കുഗ്ഗെലെയ്നെയും (പൂജ്യം) മടക്കി സ്റ്റാര്‍ക്ക് കിവീസിനെ ഞെട്ടിച്ചു. എട്ടിന് 107 എന്ന നിലയിൽ പ്രതിസന്ധിയിലായ ന്യൂസിലൻഡിനെ വാലറ്റത്ത് മാറ്റ് ഹെന്റിയും നായകന് ടിം സൗത്തിയും ചേർന്ന് നടത്തിയ പോരാട്ടമാണ് 150 കടത്തിയത്.
20 പന്തില്‍ 26 റണ്‍സ് നേടിയ ടിം സൗത്തിയെ പുറത്താക്കി പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 28 പന്തില്‍ 29 റൺസെടുത്ത മാറ്റ് ഹെന്റിയെ പുറത്താക്കി ഹേസില്‍വുഡ് അഞ്ച് വിക്കറ്റ് തികച്ചു. അക്കൗണ്ട് തുറക്കാതെ ബെന്‍ സിയേഴ്സ് പുറത്താവാതെ നിന്നു.
13.2 ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഹേസല്‍വുഡിന്റെ അഞ്ച് വിക്കറ്റ് നേട്ടം. 12 ഓവറിൽ 59 റൺസ് വഴങ്ങിയാണ് സ്റ്റാർക്ക് മൂന്നുവിക്കറ്റെടുത്തത്. പാറ്റ് കമ്മിൻസ്, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കവും അത്ര മികച്ചതായിരുന്നില്ല. 32 റൺസെടുക്കുന്നതിനിടെ രണ്ടുവിക്കറ്റ് നഷ്ടമായി. സ്റ്റീവ് സ്മിത്ത് (11), ഉസ്മാൻ ഖവാജ (16) എന്നിവരാണ് പുറത്തായത്. എട്ടുറൺസുമായി മാർനസ് ലബുഷെയ്നും നാലുറൺസുമായി കാമറൂൺ ഗ്രീനുമാണ് ക്രീസിൽ. കിവീസിനു വേണ്ടി മാറ്റ് ഹെന്റി, ബെൻ സിയേഴ്സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.