പത്മജ വിശ്വാസ വഞ്ചന കാണിച്ചു: കെ.സുധാകരന്
Thursday, March 7, 2024 7:58 PM IST
ന്യൂഡല്‍ഹി: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. പത്മജ പാര്‍ട്ടി വിടേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും പാര്‍ട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചനയാണെന്നും സുധാകരന് പറഞ്ഞു.
പത്മജയുടെ ബിജെപി പ്രവേശനം ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിക്കില്ല. ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു. ഒരുപാട് പേരുള്ള പാര്‍ട്ടി ആകുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. പത്മജയ്ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കെ.സുധാകരന് കൂട്ടിച്ചേര്‍ത്തു.
2004ല്‍ മുകുന്ദപുരം ലോക്സഭാമണ്ഡലത്തില്‍ നിന്നു മത്സരിച്ച പത്മജ ലോനപ്പന് നമ്പാടനോട് പരാജയപ്പെട്ടിരുന്നു. തുടർന്ന് രണ്ടു തവണ തൃശൂരില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.