മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റുചെയ്യാൻ പോലീസ്; നാലാമതും കേസെടുത്തു
Wednesday, March 6, 2024 6:30 PM IST
കൊച്ചി: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് കോടതി തടഞ്ഞതിനുപിന്നാലെ വീണ്ടും അറസ്റ്റുചെയ്യാൻ പോലീസ്. ഷിയാസിനെതിരേ നാലാമതും കേസെടുത്താണ് പോലീസിന്റെ അറസ്റ്റിനുള്ള നീക്കങ്ങൾ.
അക്രമസംഭവത്തിനിടെ കോതമംഗലം ഡിവൈഎസ്പിയെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ വകുപ്പ് ചേർത്താണ് നാലാമത്തെ കേസ്. കോതമംഗലത്തെ സംഘർഷത്തിൽ രജിസ്റ്റർചെയ്ത കേസുകളിൽ ഷിയാസിന് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഷിയാസിനെ പോലീസ് വീണ്ടും അറസ്റ്റുചെയ്യാൻ ശ്രമിച്ചിരുന്നു. പോലീസ് വാഹനം ആക്മിച്ച കേസിലായിരുന്നു നടപടി. എന്നാൽ ഷിയാസ് കോടതിയിലേക്ക് ഓടിക്കയറി വിഷയം മജിസ്ട്രേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഷിയാസിന്റെ അറസ്റ്റ് തടഞ്ഞ് കോടതി നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഷിയാസിനെതിരേ നാലാമതും പോലീസ് കേസെടുത്തത്.