സന്തോഷ് ട്രോഫി: സെമി കാണാതെ കേരളം പുറത്ത്
Tuesday, March 5, 2024 10:27 PM IST
ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മിസോറമാണ് കേരളത്തെ പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല.
തുടർന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം കടന്നു. കേരളാതാരം സുജിത്തിന്റെ പെനാല്‍റ്റി ലക്ഷ്യം കാണാതെ പോയതോടെ മത്സരം 7-6 ന് വിജയിച്ച് മിസോറം സെമിയിലേക്ക് മുന്നേറി.
തുടക്കത്തിൽ തന്നെ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോളുമാത്രം പിറന്നില്ല. നാല് സ്ട്രൈക്കര്‍മാരെ കളത്തിലിറക്കിയാണ് മിസോറം തന്ത്രമൊരുക്കിയത്. 4-2-4 ഫോര്‍മേഷനില്‍ മിസോറം ഇറങ്ങിയപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് കേരളം ഗ്രൗണ്ടിലിറങ്ങിയത്.
ഏഴിന് നടക്കുന്ന സെമിയില്‍ മിസോറാം സര്‍വീസസിനെ നേരിടും. രണ്ടാം സെമിയില്‍ മണിപ്പൂരും ഗോവയും തമ്മില്‍ ഏറ്റുമുട്ടും