കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണം; കൂരാച്ചുണ്ട് പഞ്ചായത്തിൽ നാളെ ഹർത്താൽ
Tuesday, March 5, 2024 6:07 PM IST
കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കോഴിക്കോട് കക്കയത്ത് കര്ഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാൻ ജില്ലാ കളക്ടര്‍ ഉത്തരവിടണം, മതിയായ നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
മൃതദേഹവുമായി പുറത്തേക്ക് വന്ന ആംബുലന്‍സ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. കൂടുതല്‍ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ഏബ്രഹാം സ്വന്തം പുരയിടത്തിൽ ജോലിചെയ്തു കൊണ്ടിരുന്ന സമയത്ത് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
കക്കയം ഡാമിന് സമീപത്ത് ദിവസങ്ങളായി കാട്ടുപോത്തിന്റെ ശല്ല്യം ഉണ്ടായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. കൂരാച്ചുണ്ട് പഞ്ചായത്തിൽ നാളെ എൽഡിഎഫും യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തു.