റേഷൻ കടകളുടെ സമയത്തില്‍ ഇന്നുമുതൽ മാറ്റം
Tuesday, March 5, 2024 11:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ശനിയാഴ്ച വരെ റേഷന്‍ കടകളുടെ സമയത്തിൽ പുനഃക്രമീകരണം. ഏഴു ജില്ലകളില്‍ രാവിലെയും ഏഴു ജില്ലകളില്‍ വൈകുന്നേരവുമാണ് റേഷൻ കടകള്‍ പ്രവര്‍ത്തിക്കുക. മസ്റ്ററിംഗ് നടക്കുന്നതിനാല്‍ സെര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് റേഷൻകടകൾ തുറന്നു പ്രവര്‍ത്തിക്കുക.
മസ്റ്ററിംഗും റേഷന്‍ വിതരണവും ഒരേസമയം നടക്കുന്നത് സാങ്കേതിക പ്രശ്നമുണ്ടാക്കുമെന്നു വിലയിരുത്തിയിരുന്നു. ശനിയാഴ്ചയ്ക്കു ശേഷം പ്രവൃത്തിസമയം പഴയനിലയിലേക്ക് മടങ്ങും. ശിവരാത്രി ദിനമായ മാര്‍ച്ച് എട്ടിന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും.