വീട്ടില്‍നിന്ന് വിളിച്ചിറക്കി സുഹൃത്ത് തീ കൊളുത്തിയ സംഭവം; ചികിത്സയിലായിരുന്ന യുവതി മരിച്ചു
Tuesday, March 5, 2024 9:37 AM IST
തിരുവനന്തപുരം: വീട്ടില്‍നിന്ന് വിളിച്ചിറക്കി സുഹൃത്ത് തീ കൊളുത്തിയ യുവതി മരിച്ചു. ചേങ്കോട്ടുകോണം സ്വദേശിനി ജി.സരിതയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
തിങ്കളാഴ്ച രാത്രി എട്ടിനാണ് സംഭവം. സരിതയുടെ വീട്ടിലെത്തിയ സുഹൃത്തായ ബിനു വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു. തുടർന്ന് തീ ബിനുവിന്റെ ശരീരത്തിലേക്ക് പടർന്നതോടെ ഇയാൾ സമീപത്തെ കിണറ്റിലേക്ക് ചാടി.
കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ കിണറ്റിലിറങ്ങിയാണ് ബിനുവിനെ രക്ഷിച്ചത്. സാരമായി പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്.