ഇടുക്കിയിൽ വിഷംകഴിച്ച എട്ടാംക്ലാസുകാരൻ മരിച്ചു; അധ്യാപകർ അപമാനിച്ചതായി ബന്ധുക്കൾ
Monday, March 4, 2024 3:53 AM IST
ഇടുക്കി: വിഷം കഴിച്ച് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. ഇടുക്കി ഉപ്പുതറയിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്.
കുട്ടിയുടെ പക്കൽ നിന്നും പുകയില ഉൽപ്പന്നം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകർ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. വിദ്യാർഥികളിൽ ചിലർ പുകയില ഉൽപ്പന്നങ്ങൾ സ്കൂളിൽ കൊണ്ടുവരുന്നതായി അധ്യാപകർക്ക് വിവരം ലഭിച്ചിരുന്നു. ഫെബ്രുവരി അഞ്ചിന് ഈ കുട്ടി പുകയില ഉൽപ്പന്നം കൊണ്ടുവന്നതായി വിവരം ലഭിച്ചിരുന്നു.
തുടർന്ന് അച്ചടക്ക സമിതിയുടെ ചുമതലയുള്ള അധ്യാപകൻ നടത്തിയ പരിശോധനയിൽ ഇത് കണ്ടെടുക്കുകയും ചെയ്തു. സഹപാഠികളിലൊരാൾ ഏൽപ്പിച്ചതാണെന്നാണ് കുട്ടി പറഞ്ഞത്. ഇതനുസരിച്ച് രണ്ടു പേരുടെയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തി കാര്യങ്ങൾ അറിയിച്ച ശേഷം വിട്ടയച്ചു.
പിന്നീട് വിഷം ഉള്ളിൽച്ചെന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാൽ കാര്യങ്ങൾ അറിയിച്ച ശേഷം വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് ഒപ്പം പറഞ്ഞ് വിടുകയായിരുന്നു. കുട്ടികൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.