സീറ്റ് കിട്ടിയില്ല; രാഷ്ട്രീയം മതിയാക്കുന്നുവെന്ന് മുതിർന്ന ബിജെപി നേതാവ് ഹർഷ്വർധൻ
Sunday, March 3, 2024 3:48 PM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനു പിന്നാലെ സജീവരാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഹര്ഷ്വര്ധന്. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഈ യാത്രയില്‍ തനിക്ക് പിന്തുണ നല്കിയ എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും നന്ദി പറയാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ഹർഷ്വർധൻ, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഊര്‍ജസ്വലനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മഹത്തായ ഒരു പദവിയായി കരുതുന്നുവെന്നും കുറിച്ചു.
അമ്പതു വര്‍ഷം മുന്‍പ് കാൺപുരിലെ ജിഎസ്വിഎം മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് ചേര്‍ന്നപ്പോള്‍ ദരിദ്ര ജനവിഭാഗങ്ങളെ സേവിക്കുക എന്നതായിരുന്നു ലക്ഷ്യം. അന്നത്തെ ആര്‍എസ്എസ് നേതൃത്വത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
മുപ്പത് വര്‍ഷത്തെ തെരഞ്ഞെടുപ്പ് ജീവിതത്തിനിടെ, അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും വിജയിക്കുകയും പാര്‍ട്ടി സംഘടനയിലും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളിലും നിരവധി സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തു. എന്റെ വേരുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു.
പുകയില, ലഹരിവസ്തുക്കളുടെ ദുരുപയോഗം, കാലാവസ്ഥാ വ്യതിയാനം, എന്നിവയ്ക്കെതിരായ തന്റെ പ്രവര്‍ത്തനം തുടരുമെന്നും കൃഷ്ണ നഗറിലെ തന്റെ ഇഎന്‍ടി ക്ലിനിക്കും തന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്നും ഹര്ഷ്വര്ധന് കുറിച്ചു.
നിലവിൽ ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ നിന്നുള്ള എംപിയാണ് ഹർഷ്വർധന്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ അദ്ദേഹത്തിനു പകരം പ്രവീൺ ഖണ്ഡേൽവാലിനെയാണ് ബിജെപി ഇവിടെ സ്ഥാനാർഥിയാക്കിയത്.
കേന്ദ്ര മന്ത്രിസഭയിൽ ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി വകുപ്പുകളും കൈകാര്യം ചെയ്തിട്ടുള്ള ഹർഷ്വർധൻ കോവിഡ് വ്യാപന കാലത്ത് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്നു.