ആറാടി ലയൺ: കിവീസിനെ ചിറകരിഞ്ഞ് ഓസീസ്; പോയിന്റ് ടേബിളിൽ ഇന്ത്യ ഒന്നാമത്
Sunday, March 3, 2024 11:56 AM IST
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് 172 റണ്‍സിന്റെ ജയം. 369 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ രണ്ടാം ഇന്നിംഗ്സില്‍ 196 റണ്‍സിന് പുറത്തായി. സ്കോർ: ഓസ്ട്രേലിയ- 383, 164, ന്യൂസിലൻഡ്- 179, 196
65 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ നഥാൻ ലയൺ ആണ് കിവീസ് ബാറ്റിംഗ് നിരയുടെ ചിറകൊടിച്ചത്. ബാറ്റിംഗില്‍ 41 റണ്‍സുമായി ഓസീസിന്റെ ടോപ് സ്കോററുമായിരുന്നു ലയൺ.
ഓസ്ട്രേലിയ മൂന്നാം ദിനം ഓവറില്‍ 164 റണ്‍സില്‍ പുറത്തായിരുന്നു. 369 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് മൂന്നാം ദിനം തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ടോം ലാഥം (എട്ട്), വിൽ യംഗ് (15), കെയ്ൻ വില്യംസൺ (ഒമ്പത്) എന്നിവർ തുടക്കത്തിൽതന്നെ മടങ്ങി.
മൂന്നിന് 111 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കിവീസിന് ക്രീസിൽ ഉറച്ചുനിന്ന രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും വിജയപ്രതീക്ഷ നല്കി. ഇരുവരും ചേർന്ന് 67 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.
സ്കോർ 126 റൺസിൽ നില്‍ക്കേ രചിന് രവീന്ദ്രയെ (59) പുറത്താക്കി ലയൺ ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെയെത്തിയ ടോം ബ്ലണ്ടലിനെയും (പൂജ്യം) ഗ്ലെൻ ഫിലിപ്സിനെയും (ഒന്ന്) നിലയുറപ്പിക്കുംമുമ്പേ ലയൺ വീഴ്ത്തിയതോടെ കിവീസ് ആറിന് 128 എന്നനിലയിൽ തോൽവി മുന്നിൽക്കണ്ടു.
പിന്നാലെയെത്തിയ സ്കോട്ട് കുഗ്ലെയ്നും(26) മാറ്റ് ഹെന്റിക്കും (14) ചേര്‍ന്ന് തോല്‍വിഭാരം കുറച്ചു. ഇരുവരും പുറത്തായതിനു പിന്നാലെയെത്തിയ നായകൻ ടിം സൗത്തിയെ (ഏഴ്) പുറത്താക്കി ലയൺ ആറുവിക്കറ്റു തികച്ചു. അപ്പോഴും ഒരറ്റത്ത് ഡാരിൽ മിച്ചൽ (38) പ്രതിരോധവുമായി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അവസാന വിക്കറ്റായി മിച്ചലിനെ ഹേസിൽവുഡ് വീഴ്ത്തിയതോടെ 196ല്‍ കിവീസിന്റെ യാത്ര അവസാനിച്ചു.
പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം എട്ടിന് ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കും. ന്യൂസിലന്‍ഡ് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. ന്യൂസിലന്‍ഡ് രണ്ടാമതും ഓസീസ് മൂന്നാമതുമാണ്.