സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളമില്ല; തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും
Saturday, March 2, 2024 11:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല. ശമ്പളം ലഭിക്കാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നാണ് വിവരം. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിന്‍വലിക്കാനാകാത്തതാണ് നിലവിലെ പ്രതിസന്ധി.
ഇത് സാങ്കേതികമായ കാരണം മാത്രമാണെന്നാണ് പറയുന്ന ട്രഷറിക്കും ധനവകുപ്പിനും എന്താണ് പ്രശ്നമെന്ന് വിശദീകരിക്കാനാവുന്നില്ല. എന്നാല്‍ ധനപ്രതിസന്ധിയെതുടര്ന്നുള്ള പ്രശ്നമാണിതെന്നാണ് സൂചന. ദിവസങ്ങളായി ഓവര്‍ഡ്രാഫ്റ്റിലായിരുന്ന ട്രഷറി കഴിഞ്ഞ ദിവസം കേന്ദ്രവിഹിതമായ 4000 കോടി എത്തിയപ്പോഴാണ് പ്രതിസന്ധി മറികടന്നത്.
ഈ പണം എടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്കിയാല് ട്രഷറി വീണ്ടും ഓവര്‍ഡ്രാഫ്റ്റിലാകും. ഇതുകൊണ്ടാണ് ട്രഷറി അക്കൗണ്ട് മരവിപ്പിച്ച് നിര്‍ത്തിയതെന്നാണ് വിവരം. ശമ്പളം കൊടുത്തു എന്നു വരുത്തി വിമര്‍ശനം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് ഇതെന്നാണ് ആരോപണം.
അതേസമയം ട്രഷറിയില്‍ പണമെത്തിക്കാന്‍ സര്‍ക്കാര്‍ തെരക്കിട്ട നീക്കങ്ങള്‍ തുടങ്ങി. പൊതുമേഖലാസ്ഥാപനങ്ങളോട് ഇവരുടെ നീക്കിയിരിപ്പും ലാഭവിഹിതവും ട്രഷറിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് ഉയര്‍ന്ന പലിശ നല്‍കാമെന്നാണ് വാഗ്ദാനം.