സിപിഎം നേതാവിന്റെ കൊലപാതകം: പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു
Friday, March 1, 2024 7:30 PM IST
കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിനെ സംഭവ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. കൊലപാതകം നടന്ന പെരുവട്ടൂർ ചെറിയപുരം ക്ഷേത്ര പരിസരത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ്. വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ കൊണ്ടുവന്നത്.
പ്രതിയുടെ മൊബൈൽ ഫോൺ സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തി. സത്യനാഥനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അഭിലാഷ് നേരത്തെ മൊഴി നൽകിയിരുന്നു.
ഫെബ്രുവരി 22ന് രാത്രിയായിരുന്നു സംഭവം. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഒന്നരക്കൊല്ലം ഗൾഫിലായിരുന്ന പ്രതി നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് വാങ്ങിയ കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ഉത്സവത്തിനിടെ പിന്നിലൂടെ വന്ന പ്രതി കത്തി ഉപയോഗിച്ച് സത്യനാഥന്റെ കഴുത്തിൽ ആഴത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നാലെ സത്യനാഥനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ ശേഷം സ്ഥലത്തു നിന്ന് കടന്നുകളഞ്ഞ പ്രതി പിന്നീട് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എട്ട് വർഷം മുൻപ് പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സത്യനാഥനാണ് ഇതിന് പിന്നിലെന്ന് ആരോപിച്ചായിരുന്നു പ്രതിയുടെ ആക്രമണം.