പത്താംവിക്കറ്റിൽ കത്തിക്കയറി ഓസീസ്; പിന്നാലെ തകർന്നടിഞ്ഞ് കിവീസ്
Friday, March 1, 2024 11:02 AM IST
വെല്ലിംഗ്ടണ്‍: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 383 റൺസിനെതിരേ ന്യൂസിലൻഡ് 179 റൺസിനു പുറത്തായി.
ഗ്ലെൻ ഫിലിപ്സ് (71), മാറ്റ് ഹെൻറി (42), ടോം ബ്ലണ്ടൽ (33) എന്നിവരൊഴികെ മറ്റാർക്കും കാര്യമായ സംഭാവന നല്‍കാനായില്ല. 43 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ നഥാൻ ലയൺ ആണ് കിവീസ് ബാറ്റിംഗ് നിരയെ തകർത്തത്.
ടോം ലാഥം (അഞ്ച്), വില്‍ യംഗ് (ഒമ്പത്), കെയ്ൻ വില്യംസൺ (പൂജ്യം), രചിന് രവീന്ദ്ര (പൂജ്യം), ഡാരില്‍ മിച്ചല്‍ (11), സ്കോട്ട് കുഗ്ഗലെയ്ൻ (പൂജ്യം), ടിം സൗത്തി (ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. ഒരു ഘട്ടത്തില്‍ അഞ്ചിന് 29 എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്.
ടോം ബ്ലണ്ടല്‍ - ഗ്ലെൻ ഫിലിപ്സ് സഖ്യം കൂട്ടിചേര്‍ത്ത 84 റണ്‍സാണ് കിവീസിനെ വൻ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ബ്ലണ്ടൽ പുറത്തായതിനു പിന്നാലെ കുഗ്ഗലെയ്ൻ വന്നപോലെ മടങ്ങിയെങ്കിലും മാറ്റ് ഹെൻറിയെ കൂട്ടുപിടിച്ച് ഫിലിപ്സ് സ്കോർ 150 കടത്തി.
നേരത്തെ, കാമറൂണ്‍ ഗ്രീനിന്റെ (174) സെഞ്ചുറിയാണ് ഓസീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഒമ്പതിന് 279 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയെ വളരെ വേഗം പുറത്താക്കാമെന്ന് കിവീസ് കരുതിയെങ്കിലും ഗ്രീനിന്റെയും ജോഷ് ഹേസിൽവുഡിന്റെയും പോരാട്ടം അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. ഇരുവരും ചേർന്ന് പത്താംവിക്കറ്റിൽ പടുത്തുയർത്തിയ 116 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് സ്കോർ 383 റൺസിലെത്തിച്ചത്.
രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയും ബാറ്റിംഗ് തകർച്ച നേരിടുകയാണ്. ഏഴോവർ പിന്നിടുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 10 റൺസെന്ന നിലയിലാണ്. നാലുറൺസുമായി ഉസ്മാൻ ഖവാജയും നഥാൻ ലയണുമാണ് ക്രീസിൽ. റണ്ണൊന്നുമെടുക്കാതെ സ്റ്റീവ് സ്മിത്തും രണ്ടുറൺസെടുത്ത മാർനസ് ലബുഷെയ്നുമാണ് പുറത്തായത്.