ഡ്രൈവിംഗ് ലൈസൻസ് കിട്ടി; വാട്ടർ ടാങ്കിലെ അസ്ഥികൂടം തലശേരി സ്വദേശിയുടേതെന്ന് സംശയം
Thursday, February 29, 2024 2:20 PM IST
തിരുവനന്തപുരം: കാര്യവട്ടം സർവകലാശാല കാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതെന്ന് സംശയം. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് തലശേരി വിലാസത്തിലുള്ള ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു. വാട്ടർ ടാങ്കിനുള്ളിൽ നിന്നും ടൈയും തൊപ്പിയും കണ്ണടയും കണ്ടെത്തിയിരുന്നു. കുരുക്കിട്ട ഒരു കയറും ഉള്ളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
അസ്ഥികൂടം പുരുഷന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറെ കാലമായി ഉപയോഗശൂന്യമായ വാട്ടർടാങ്കിൽ ആരെങ്കിലും ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സമീപപ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരമാണ് കാമ്പസിലെ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന 20 അടിയോളം താഴ്ചയുള്ള വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് ഇന്നു രാവിലെ പോലീസും അഗ്നിശമന സേനയും ഫോറൻസിക് സംഘവും ടാങ്കിനുള്ളിൽ ഇറങ്ങിയാണ് അസ്ഥികൂടം പുറത്തെടുത്തത്.