ബിനോയ് കോടിയേരിക്ക് തിരിച്ചടി; രേഖകൾ ആദായനികുതി വകുപ്പിന് കൈമാറാൻ നിർദേശം
Thursday, February 29, 2024 1:27 PM IST
കൊച്ചി: ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ കൈമാറണമെന്ന് ബിനോയ് കോടിയേരിയോട് ആവശ്യപ്പെട്ട് ഹൈക്കോടതി. ആദായനികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടിസുകൾക്കെതിരെ ബിനോയ് കോടിയേരി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ജസ്റ്റീസ് ദിനേശ് കുമാർ സിംഗ് ആണ് ഹർജി പരിഗണിച്ചത്. 2015 –2016 മുതൽ 2021–2022 വരെയുള്ള ഇൻകം ടാക്സ് റിട്ടേണുകൾ, ബാലൻസ് ഷീറ്റ്, ബാങ്ക് പലിശ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാനാണു തുടരെയുള്ള നോട്ടിസുകളിൽ നിർദേശം നൽകിയിരിക്കുന്നത്.
ഏത് സാഹചര്യത്തിലാണ് രേഖകൾ ആവശ്യപ്പെടുന്നതെന്ന് രേഖാമൂലം മറുപടി നൽകാൻ ഇൻകം ടാക്സിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ സാമ്പത്തിക ഇടപാടുകളും ഹോംസ് ജനറൽ ട്രേഡിംഗ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നിർദേശം. ഈ സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.