സഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ അടയിരുന്നു, അംഗീകാരം ലഭിച്ചത് ഭരണഘടനാസംവിധാനങ്ങളുടെ വിജയം: മന്ത്രി രാജീവ്
Thursday, February 29, 2024 9:52 AM IST
തിരുവനന്തപുരം: ലോകായുക്ത ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്കിയ വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി പി.രാജീവ്. ഇത് ഭരണഘടനാസംവിധാനങ്ങളുടെ വിജയമാണെന്ന് മന്ത്രി പ്രതികരിച്ചു.
പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ക്ക് നിയമസഭയില്‍ വ്യക്തമായ മറുപടി നല്കിയിട്ടാണ് ബില്ല് പാസാക്കിയത്. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കേണ്ടതായിരുന്നു. അത് രാഷ്ട്രപതിക്ക് അയയ്ക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല.
സഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ അടയിരുന്നെന്നും മന്ത്രി വിമർശിച്ചു. ബില്ലിലെ വ്യവസ്ഥകള്‍ ലോക്പാല്‍ ബില്ലിന് സമാനമാണ്. ഇംഗ്ലീഷ് അറിയാവുന്നവര്‍ക്ക് വായിച്ചുനോക്കിയാല്‍ മനസിലാകുന്ന കാര്യമാണ് ഇതെന്നും മന്ത്രി പരിഹസിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്കു വിട്ട ബില്ലിനാണ് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചത്. സെക്ഷൻ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബില്ലാണ് രാഷ്ട്രപതി അംഗീകരിച്ചത്. ഗവർണർ-സർക്കാർ പോരിനിടെയാണു സംസ്ഥാന സർക്കാരിന് നേട്ടമായി ബില്ലിന് രാഷ്ട്രപതി അനുമതി നൽകിയത്.