കൊലയാളി ആനയെ പിടികൂടി നാടുകടത്തണം: അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് ഡീൻ കുര്യാക്കോസ്
Tuesday, February 27, 2024 3:09 PM IST
ഇടുക്കി: വന്യജീവി ആക്രമണങ്ങളിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് മൂന്നാറിൽ ഡീൻ കുര്യാക്കോസ് എംപി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മൂന്നാർ ഗാന്ധി സ്ക്വയറിനു സമീപമാണ് സമരം.
വന്യജീവി ശല്യം തടയാൻ ശാശ്വതനടപടികൾ സ്വീകരിക്കുക, സർക്കാർ പ്രഖ്യാപിച്ച സ്പെഷൽ ആർആർടി സംഘത്തെ ഉടൻ നിയമിക്കുക, കൊലയാളി ആനയെ പിടികൂടി നാടുകടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാരസമരം.
പ്രശ്നകാരികളായ ആനകളെ തുരത്തണം. മൂന്നാറിൽ പടയപ്പ സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി വിലസുകയാണ്. പടയപ്പയെ ഉൾപ്പെടെ അരിക്കൊമ്പൻ മോഡലിൽ നാടുകടത്തണമെന്നും ജനങ്ങൾക്ക് സ്വൈര്യജീവിതം ഉറപ്പുവരുത്തണമെന്നും ഡീൻ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് സഞ്ചാരികൾ കടന്നുപോകുന്ന മേഖലയാണിത്. ഇവിടെ പട്ടാപ്പകൽ പോലും ആർക്കും സഞ്ചരിക്കാനുള്ള സാഹചര്യമില്ല. ആ സാഹചര്യം മനസിലാക്കിയിട്ടും സർക്കാർ ഉറക്കംനടിക്കുകയാണ്. അത് അനുവദിച്ചുകൊടുക്കുന്ന പ്രശ്നമില്ല. ഇത് സർക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.