എൽഡിഎഫ് സ്ഥാനാർഥികൾ പല്ലുകൊഴിഞ്ഞ സിംഹങ്ങൾ: കെ.സുരേന്ദ്രൻ
Monday, February 26, 2024 11:30 PM IST
തൃശൂർ : മുഖ്യമന്ത്രിക്ക് സമനിലതെറ്റിയിരിക്കുകയാണെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ. സുരേന്ദ്രൻ.
മുഖ്യമന്ത്രിക്കും മകൾക്കും എതിരെ ഉയർന്നുവന്ന അഴിമതി ആരോപണം കൂടുതൽ കൂടുതൽ തെളിഞ്ഞുവരുന്നതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നതെന്നും തൃശുരിൽ എൻ ഡി എ പദയാത്രയോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പല്ലുകൊഴിഞ്ഞ സിംഹങ്ങളാണ് എൽഡിഎഫ് സ്ഥാനാർഥികളെന്നും എ.വിജയരാഘവൻ കോഴിക്കോട് ദയനീയമായി പരാജയപ്പെട്ടയാളാണ്. അദ്ദേഹം പാലക്കാട്ട് മത്സരിച്ചതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്. കഴിഞ്ഞതവണ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയവരെയാണ് ഇപ്പോൾ ഭയങ്കരമാന ആളുകളായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെ സ്ഥാനാർഥി എളമരം കരീം നിരവധി അഴിമതി ആരോപണം നേരിട്ടയാളാണ്. കുഞ്ഞാലിക്കുട്ടിയും മറ്റ് ലീഗ് നേതാക്കളുമായും അദ്ദേഹത്തിനുള്ള ബന്ധം പരസ്യമാണ്. തോമസ് ഐസക്ക് മന്ത്രിയെന്ന നിലയിൽ പരാജയപ്പെട്ടയാളാണ്. അങ്ങനെയൊരാൾ പത്തനംതിട്ടയിൽ എന്ത് ചെയ്യാനാണ്. ജി.സുധാകരനെ കൂടി സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ കോറം തികയുമായിരുന്നുവെന്നും സുരേന്ദ്രൻ പരിഹസിച്ചു.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന പ്രചാരണം ഇനി ഏശില്ല. ബിജെപി ഇല്ലാതിരുന്നിട്ടും തൃശൂരിന്റെ വികസനത്തിന് വേണ്ടി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്. ഈ വികസന തുടർച്ചയ്ക്ക് വേണ്ടിയും കൂടുതൽ വികസനം നടത്താനുമാണ് എൻഡിഎ ജനങ്ങളെ സമീപിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.
പ്രതാപൻ വെറുപ്പിന്റെ വക്താക്കളുമായാണ് സ്നേഹത്തെ കുറിച്ച് സംസാരിക്കുന്നത്. നിരോധിത മതഭീകരവാദ സംഘടനകളുടെ ആളുകളാണ് പ്രതാപന്റെ സ്വന്തക്കാരെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.