വിസിമാരുടെ നിയമനം: ഗവർണറുടെ തീരുമാനം ഇന്ന്
Monday, February 26, 2024 9:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സർവകലാശാലകളിൽ യുജിസി ചട്ടം ലംഘിച്ച് വൈസ് ചാൻസലർമാരെ നിയമിച്ച സംഭവത്തിൽ ചാൻസലർകൂടിയായ ഗവർണറുടെ തീരുമാനം ഇന്ന്. കഴിഞ്ഞ ദിവസം വൈസ് ചാൻസലർമാരെ യുജിസി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹിയറിംഗിനു വിളിച്ചിരുന്നു.
യുജിസി ചട്ടങ്ങൾ ലംഘിച്ചുള്ള നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വൈസ് ചാൻസലർമാർക്ക് തത്സ്ഥാനത്തു തുടരാൻ യോഗ്യതയില്ലെന്നു ഗവർണർ നടത്തിയ ഹിയറിംഗിൽ യുജിസി പ്രതിനിധികൾ നിലപാട് സ്വീകരിച്ചിരുന്നു.
വിസിസ്ഥാനത്തേക്കു തങ്ങളെ തെരഞ്ഞെടുത്ത നടപടിക്രമം ശരിയാണെന്ന നിലപാടാണു ഹിയറിംഗിൽ പങ്കെടുത്ത വിസിമാർ സ്വീകരിച്ചത്. ഇതോടെ ഇനി എന്തു തീരുമാനം കൈക്കൊള്ളണമെന്ന കാര്യത്തിൽ ഗവർണറുടെ നീക്കം നിർണായകമാണ്. ചെന്നൈയിൽ പോയി ഇന്നലെ വൈകുന്നേരം ഗവർണർ തിരുവനന്തപുരത്ത് മടങ്ങിയെത്തി. ഇന്നുതന്നെ വിസിമാരുടെ കാര്യത്തിൽ ഗവർണർ തീരുമാനം കൈക്കൊള്ളുമെന്നാണു സൂചന.
യുജിസി ചട്ടങ്ങൾ ലംഘിച്ചു നിയമനം ലഭിച്ച നാലു വൈസ് ചാൻസലർമാരെയാണ് 24ന് ഗവർണർ ഹിയറിംഗിനു വിളിച്ചിരുന്നത്. എന്നാൽ, ഹിയറിംഗിനു മുന്‍പേതന്നെ ഓപ്പണ്‍ സർവകലാശാല വിസി ഡോ. മുബാറക് പാഷ രാജിക്കത്ത് ഗവർണർക്കു നല്കി.
ഡിജിറ്റൽ സർവകലാശാല വിസി ഡോ. സജി ഗോപിനാഥ് നേരിട്ട് ഹാജരായി. കാലിക്കട്ട് വിസി ഡോ. എം.കെ. ജയരാജിനുവേണ്ടി അഭിഭാഷകൻ നേരിട്ട് ഹാജരായപ്പോൾ സംസ്കൃത വിസി ഡോ. ടി.കെ. നാരായണനായി അഭിഭാഷകൻ ഓണ്‍ലൈനായി പങ്കെടുത്തു.