കേന്ദ്ര ആരോഗ്യനയം നടപ്പാക്കണം; കേജരിവാളിന് ഡൽഹി ഗവർണറുടെ നിർദേശം
Monday, February 26, 2024 4:36 AM IST
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ നയം നടപ്പാക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഗവർണർ വി.കെ. സക്സേനയുടെ നിർദേശം. രാജ്യ തലസ്ഥാനത്ത് ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കാനാണ് ഞായറാഴ്ച ഗവർണർ നിർദേശിച്ചതെന്ന് രാജ് നിവാസ് വൃത്തങ്ങൾ അറിയിച്ചു.
പദ്ധതി നടപ്പാക്കാത്തത് പാവപ്പെട്ട രോഗികളെ ദുരിതത്തിലാക്കുന്നതായി ഗവർണർ പറഞ്ഞു. എന്നാൽ ഗവർണർ യാദാർഥ്യം മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് ഡൽഹി ആരോഗ്യമന്ത്രി സൗരവ് ഭരദ്വാജ് പറഞ്ഞു. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ ആശുപത്രികളിലെ രോഗികളുടെ എണ്ണവും ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ഡൽഹിയിലെ ആശുപത്രികളിലെ രോഗികളുടെ എണ്ണവും തമ്മൽ താരതമ്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
ആയുഷ്മാൻ ഭാരതുമായി ബന്ധപ്പെട്ട ഫയൽ തിരിച്ചുവിളിച്ചുകൊണ്ടായിരുന്നു ഗവർണറുടെ നിർദേശം. കഴിവതും വേഗത്തിൽ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി പാപപ്പെട്ടവർക്ക് പ്രയോജനം ലഭ്യമാക്കാൻ ഗവർണർ കേജരിവാളിനോട് ആവശ്യപ്പെട്ടു.